കൊല്ലം: കളമശ്ശേരി മോഡൽ ആക്രമണം കൊല്ലത്തും. കൊല്ലം കരിക്കോട് സ്വദേശികളായ എട്ടാം ക്ലാസുകാരനെയും ഒമ്പതാം ക്ലാസുകാരനെയുമാണ് കൂട്ടുകാർ ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി.

കരിക്കോട് പേരൂർ കൽക്കുളത്ത് വെച്ചാണ് കുട്ടികളെ കൂട്ടുകാർ ക്രൂരമായി മർദിച്ചത്. കളിയാക്കിയത് ചോദ്യംചെയ്തതിന് ആക്രമിച്ചെന്നാണ് മർദനത്തിനിരയായ കുട്ടികളിലൊരാളുടെ വെളിപ്പെടുത്തൽ. വയലിലിട്ട് കുട്ടികളെ ചവിട്ടുന്നതും ദേഹത്ത് കയറിയിരുന്ന് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബെൽറ്റ് ഉപയോഗിച്ചും കരിങ്കൽ കഷണം കൊണ്ടും മർദിച്ചു. ആക്രമണത്തിൽ ഒരു കുട്ടിയുടെ വയറിലും നെഞ്ചിലും കണ്ണിന് മുകളിലും പരിക്കേറ്റിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പാണ് കളമശ്ശേരിയിൽ 17-കാരനെ കൂട്ടുകാർ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനായിരുന്നു 17-കാരന് മർദനമേറ്റത്. ഈ സംഭവത്തിലുൾപ്പെട്ട ഒരു കുട്ടി പിന്നീട് ജീവനൊടുക്കി. കളമശ്ശേരി സംഭവത്തിന്റെ നടുക്കം മാറും മുമ്പേയാണ് കൊല്ലത്തും സമാനമായ ആക്രമണം അരങ്ങേറിയിരിക്കുന്നത്.

Content Highlights:kalamassery model attack reported in kollam two students attacked by friends