കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ച് അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ഉന്നയിച്ച് ബന്ധുക്കള്‍. ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21) യുടെ മരണത്തിലാണ് ദുരൂഹത ഉയര്‍ന്നിരിക്കുന്നത്. കൊല്ലുമെന്ന് മന്‍ഫിയയുടെ കാമുകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാവ് നബീസ പറഞ്ഞു. നിരവധിതവണ കാമുകനില്‍നിന്ന് ഭീഷണിയുണ്ടായിട്ടുണ്ട്. മകളെ അപായപ്പെടുത്തുമെന്ന് തന്നോടും പറഞ്ഞിരുന്നതായി നബീസ പറഞ്ഞു.

നവംബര്‍ 30-ന് പുലര്‍ച്ചെ രണ്ടുമണിയോടെ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കുമിടയില്‍ മെട്രോ തൂണിലിടിച്ചായിരുന്നു അപകടം. അപകടത്തിന് ശേഷം കാമുകന്റെ ഫോണില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. മകളുടെ മരണത്തിന് ശേഷം കാസര്‍കോട് സ്വദേശിയായ കാമുകനെപ്പറ്റി ഒരു വിവരവുമില്ലെന്നും നബീസ പറഞ്ഞു.

ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്നു പറഞ്ഞാണ് അപകടദിവസം വൈകീട്ട് മന്‍ഫിയ വീട്ടില്‍നിന്നു പോയത്. പുലര്‍ച്ചെ ഒന്നരയോടെ വീട്ടുകാരുമായി സംസാരിച്ച മന്‍ഫിയ ഉടന്‍ മടങ്ങിയെത്തുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപകടം എന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍, എന്തോ അസ്വാഭാവികമായി സംഭവിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ ഉറപ്പിച്ചുപറയുന്നു.

നഴ്സിങ് വിദ്യാര്‍ഥിനിയായ മന്‍ഫിയ മോഡലിങ് രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ പാഞ്ഞ കാറാണ് അപകടത്തില്‍പ്പെട്ടത്.

കാറോടിച്ചിരുന്ന സുഹൃത്ത് സല്‍മാനുല്‍ ഫാരിസിനെ (26) സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. കാറില്‍ കൂടെയുണ്ടായിരുന്ന വരാപ്പുഴ സ്വദേശി ജിബിന്‍ ജോണ്‍സണെ (28) ചോദ്യംചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. ഇത്ര വലിയ അപകടം സംഭവിച്ചിട്ടും ജിബിന്‍ ആശുപത്രിയില്‍ പോകാതെ വീട്ടിലേക്ക് മടങ്ങിയതില്‍ പോലീസിന് സംശയമുണ്ടായിരുന്നു. ഇതിനിടെയാണ്, പുതിയ ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയത്.

സല്‍മാനുലും ജിബിനും മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. മറ്റെന്തെങ്കിലും ലഹരിവസ്തുക്കള്‍ ഇവര്‍ ഉപയോഗിച്ചിരുന്നുവോ എന്നും സംശയിക്കുന്നുണ്ട്.

കാമുകനില്‍ ദുരൂഹത

ഇതുവരെ കേസില്‍ കേള്‍ക്കാത്ത പേരാണ് കാമുകന്റേത്. മരണവിവരം കാമുകന്‍ എങ്ങനെ അറിഞ്ഞുവെന്നതാണ് സംശയിക്കാന്‍ കാരണം. അപകടശേഷം കാറില്‍നിന്ന് കാമുകന്‍ ഓടിരക്ഷപ്പെട്ടെന്നും ആരോപണമുണ്ട്. എന്നാല്‍, അങ്ങനെയൊരു സാധ്യത ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.

ജിബിന്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് ബൈക്കില്‍ വിളിച്ചുക്കൊണ്ടുപോയി. സല്‍മാനുലിന്റെ ഫ്‌ലാറ്റിലെത്തി ഒരുമിച്ച് ഭക്ഷണംകഴിച്ചു. ഇവിടെനിന്ന് മൂവരുമായി നൈറ്റ് ഡ്രൈവിങ്ങിനു പോയി എന്നാണ് കാറില്‍ ഒപ്പമുണ്ടായിരുന്ന ഇരുവരും നല്‍കിയ വിവരം.

നാലാമനായി ദൃശ്യങ്ങള്‍ പരിശോധിക്കണം

ഒരാളുടെ സാന്നിധ്യം സംശയകരമായി ഉന്നയിച്ചതിനാല്‍ തന്നെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തേണ്ടി വരും. സല്‍മാനുലിന്റെ ഫ്‌ലാറ്റ്, ഇവര്‍ കാറില്‍ സഞ്ചരിച്ച മേഖല, അപകടം നടന്ന മേഖല എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് നാലാമത് ഒരാള്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തണം.