കൊച്ചി: ബാലഭാസ്കറിന്റെ മരണത്തിൽ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച കലാഭവൻ സോബിയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. കലാഭവൻ സോബി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രി എറണാകുളത്ത് നിന്ന് കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ ഓടക്കാലിയിൽവെച്ച് ഒരു സംഘം വാഹനത്തിന് മുന്നിൽ അക്രമിക്കാനെന്ന പോലെ നിന്നെന്നും വാഹനം വെട്ടിച്ച് മാറ്റിയാണ് രക്ഷപ്പെട്ടതെന്നും സോബി പറഞ്ഞു.
ഇതിനുപിന്നാലെ ഒരു വാഹനം തന്റെ വാഹനത്തെ ഏറെദൂരം പിന്തുടർന്നതായും സോബി ആരോപിച്ചു. ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐയ്ക്ക് മൊഴി കൊടുക്കാൻ താൻ ഉണ്ടാകില്ലെന്ന് പറഞ്ഞ് വധഭീഷണിയുണ്ടായിരുന്നതായി സോബി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞദിവസത്തെ സംഭവം ഇതുമായി ബന്ധപ്പെട്ടതാണെന്നാണ് സോബിയുടെ ആരോപണം. ഇസ്രായേലിലുള്ള ഒരു കോതമംഗലം സ്വദേശിക്ക് ഇതിൽ പങ്കുണ്ടെന്നും ഇയാളെക്കുറിച്ച് തന്റെ അഭിഭാഷകനോടും ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാലിനോടും പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് സോബിയുടെ ആരോപണം. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് പറഞ്ഞ സോബി കഴിഞ്ഞദിവസം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അപകടത്തിൽപ്പെടുന്നതിന് മുമ്പ് ബാലഭാസ്കർ സഞ്ചരിച്ച കാർ ആക്രമിച്ചിരുന്നുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. മാത്രമല്ല, അപകടസ്ഥലത്ത് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടിരുന്നതായും പറഞ്ഞിരുന്നു.
Content Highlights:kalabhavan soby alleges someone tried to attack him in kothamangalam