കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ ഒടുവില്‍ അറസ്റ്റിലായ 14-ാം പ്രതി തൃശ്ശൂര്‍ സ്വദേശി ടി.എസ്. സനീഷ് (24) മയക്കുമരുന്ന് വിറ്റത് 'ഒയോ' റൂമിന്റെ മറവില്‍. തൃശ്ശൂര്‍ സ്വദേശിയായ സനീഷ് മയക്കുമരുന്ന് വില്‍പ്പന സാധ്യത മനസ്സിലാക്കി നെട്ടൂരില്‍ ലോഡ്ജ് പണയത്തിനെടുത്ത് 'ഒയോ ആപ്പി'ല്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഈ മുറികള്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ഉപയോഗപ്പെടുത്തി. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് എത്തുന്നവരാണ് ഇവിടെ താമസിച്ചിരുന്നത്.

മുറിയെടുക്കുന്ന മറ്റുള്ളവര്‍ക്കും ആവശ്യമെങ്കില്‍ ലഹരിമരുന്ന് ലഭ്യമാക്കും. ഇവര്‍ പിന്നീട് സ്ഥിരം ആവശ്യക്കാരായി മാറും. ഇവര്‍ വഴി പുതിയ ഉപഭോക്താക്കളെ കണ്ടെത്തും. വലിയ മയക്കുമരുന്ന് കൈമാറ്റങ്ങള്‍ക്ക് ലോഡ്ജ് ഇടത്താവളമാക്കി. ലോഡ്ജായതിനാല്‍ അപരിചിതരായി എത്തുന്നവരെ ആരും സംശയിക്കില്ല. വാട്ട്‌സാപ്പ് വഴിയായിരുന്നു പ്രധാനമായും ലഹരി വില്‍പ്പന.

എം.ഡി.എം.എ, എല്‍.എസ്.ഡി എന്നീ സിന്തറ്റിക് മയക്കുമരുന്നിനൊപ്പം കഞ്ചാവും വിറ്റിരുന്നു. ഇയാളുടെ മൊബൈലില്‍ നിന്ന് മയക്കുമരുന്ന് ആവശ്യപ്പെട്ടുള്ള വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മൊബൈലില്‍ നിന്ന് ലഭിച്ച നമ്പറിന്റെ ഉടമകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എം. കാസിം പറഞ്ഞു. നേരത്തെ മുഖ്യ പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് നെട്ടൂര്‍ ഭാഗത്ത് ഇവര്‍ തമ്പടിച്ചതായി എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നെട്ടൂരിലെ ലോഡ്ജില്‍ വെള്ളിയാഴ്ച എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.