കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതി ‘ടീച്ചറെ’ വിശദമായി ചോദ്യം ചെയ്യുന്നതോടെ സിനിമാ ബന്ധങ്ങൾ തെളിയുമെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. ‘ടീച്ചർ’ എന്ന പേരിൽ അറിയപ്പെടുന്ന സുസ്മിത ഫിലിപ്പ് (40) സിനിമാ മേഖലയിലെ ചിലരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണെന്നാണ്‌ എക്‌സൈസിന് ലഭിച്ച വിവരം. ഇവർക്കു മയക്കുമരുന്നു കൈമാറാൻ ഇടനിലക്കാരിയായതും സുസ്മിതയായിരുന്നുവെന്ന് സൂചനയുണ്ട്.

നഗരത്തിൽ പ്രതികൾ റേവ് പാർട്ടികളും മറ്റും നടത്തിയതു സുസ്മിതയുടെ കൂടി പങ്കാളിത്തത്തോടെയാണെന്നും വ്യക്തമായിട്ടുണ്ട്.

പ്രതികളോടൊപ്പം എം.ജി. റോഡിലെ ഒരു ഹോട്ടലിൽ ഇവർ താമസിച്ചിരുന്നു. ഇതോടൊപ്പം കാക്കനാടുള്ള രണ്ട് അപ്പാർട്ട്‌മെന്റുകളിലും മറ്റു പ്രതികളോടൊപ്പം ഇവർ തങ്ങിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് കൈമാറ്റത്തിന്റെ ഭാഗമായാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഹോട്ടലിൽ താമസിച്ചിരുന്നത് റേവ് പാർട്ടി നടത്താനായിരുന്നോ എന്നും ചോദിച്ചറിയും.

സുസ്മിതയെ മൂന്നു ദിവസത്തേക്കാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഹോട്ടലിലും അപ്പാർട്ട്‌മെന്റിലും ഇവരെ എത്തിച്ചു തെളിവെടുപ്പു നടത്തുമെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടി.എം. കാസിം പറഞ്ഞു.

സാമ്പത്തിക സ്രോതസ്സ്

സുസ്മിത തന്റെ അക്കൗണ്ടിൽനിന്നും അതുപോലെ മറ്റു ചില അക്കൗണ്ടുകളിൽനിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് വാങ്ങാനായിരുന്നു. പ്രതികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവരാണെന്നാണ് കരുതുന്നത്. പ്രതികൾ അറസ്റ്റിലായപ്പോൾ ഇവരെ പുറത്തിറക്കാനായി രംഗത്ത് എത്തിയതും സുസ്മിതയാണ്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും സുസ്മിതയെ കുറിച്ച് ഒരു വിവരവും പ്രതികൾ പറഞ്ഞിരുന്നില്ല.

ഫോൺ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉപയോഗിച്ചാണ് സുസ്മിതയെ എക്‌സൈസ് കുരുക്കിയത്.

നായ്ക്കൾ ആരുടേത്

മയക്കുമരുന്ന് കടത്തിനു മറയായി ഉപയോഗിച്ച നായ്ക്കൾ ആരുടെയാണെന്നതിലും വിശദമായ അന്വേഷണമുണ്ടാകും. പ്രതികൾ അറസ്റ്റിലായപ്പോൾ നായ്ക്കളെ ഏറ്റെടുത്തതു സുസ്മിതയായിരുന്നു. എക്‌സൈസ് ഭക്ഷണം കൊടുത്തിട്ട് കഴിക്കാതിരുന്ന നായ്ക്കൾ സുസ്മിതയെ അനുസരിച്ചിരുന്നു. ഇവരാണോ നായ്ക്കളെ പരിശീലിപ്പിച്ചതെന്നും സംശയമുണ്ട്.

കൂടുതൽ അറസ്റ്റുണ്ടാകും

സുസ്മിതയെ ചോദ്യം ചെയ്യുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. ഇവർ വഴി മയക്കുമരുന്നിടപാട് നടത്തിയവരെയാണ് ഇനി കണ്ടെത്തേണ്ടത്.

സംശയം തോന്നുന്നവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് പ്രതികളെ അറസ്റ്റ് ചെയ്യും.

യുവതികളെ റിക്രൂട്ട് ചെയ്തത് ആര്

ലഹരി കടത്തിന് യുവതികളെ റിക്രൂട്ട് ചെയ്യുന്നത് ആരെന്ന് കണ്ടെത്താനും എക്‌സൈസ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. പ്രതികൾ യുവതികളെ ഉപയോഗിച്ചു ലഹരി കടത്തിനൊപ്പം മയക്കുമരുന്ന് വില്പനയും നടത്തിയതായാണു വിവരം. ഇതും കണ്ടെത്തേണ്ടതുണ്ട്.

ശ്രീലങ്കക്കാരെക്കുറിച്ച് നിർണായക വിവരങ്ങൾ

കൊച്ചി : കാക്കനാട് മയക്കുമരുന്നു കേസിൽ ചെന്നൈ ട്രിപ്ലിക്കെയിൻ സംഘത്തെ നിയന്ത്രിക്കുന്ന ശ്രീലങ്കക്കാരെ കുറിച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച് നിർണായക വിവരങ്ങൾ ശേഖരിച്ചു. തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിൽ ഇവർ തമിഴ്‌നാട്ടുകാരെന്ന വ്യാജേന കഴിയുന്നു എന്നാണ് വിവരം. പ്രതികളുടെ കോൾ ഡീറ്റെയിൽസ് പരിശോധനയിൽനിന്നു ലഭിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചത്.

പ്രതികളുടെ സി.ഡി.ആറിൽനിന്ന് ട്രിപ്ലിക്കെയിൻ സംഘത്തിലെ മയക്കുമരുന്ന് ഏജന്റുമാരുടെ ഫോൺ നമ്പർ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏജന്റുമാരുടെ ഫോണിലേക്ക് ശ്രീലങ്കയിൽനിന്ന് വിളികൾ എത്തിയത് കണ്ടെത്തി. ഇവരാകും ട്രിപ്ലിക്കെയിൻ സംഘത്തെ നിയന്ത്രിക്കുന്നതെന്നാണ് കരുതുന്നത്. നിലവിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിലേക്കും ശ്രീലങ്കൻ നമ്പറിൽനിന്ന് ഫോൺ വിളികൾ എത്തിയിരുന്നു.

ശ്രീലങ്കക്കാരുടെ ഒളിത്താവളങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവിടെയെത്തി പ്രതികളെ പിടികൂടുന്നതടക്കമുള്ള നടപടികളിലേക്ക് എക്‌സൈസ് ക്രൈംബ്രാഞ്ച് ഇപ്പോൾ കടക്കില്ല.