കൊച്ചി: 11 കോടിയുടെ ലഹരിമരുന്ന് കേസില്‍ കൊച്ചിയിലെ ഇടപാടുകള്‍ നിയന്ത്രിച്ചത് അറസ്റ്റിലായ സുസ്മിത ഫിലിപ്പെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച്. കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയില്‍ ഇവര്‍ അറിയപ്പെട്ടത് ടീച്ചര്‍ എന്ന പേരിലാണ്. കോട്ടയത്തെ ഒരു സ്‌കൂളില്‍ കുറച്ചുനാള്‍ ഇവര്‍ ജോലി ചെയ്തിരുന്നു. ഇവര്‍ കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തിയതായും വിവരം ലഭിച്ചു. കോടതി ഇവരെ മൂന്ന് ദിവസത്തേക്ക് എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. 

കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ സുസ്മിത ഫിലിപ്പ് ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നു. മുഖ്യപ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഇവര്‍ വന്‍തുക നിക്ഷേപിച്ചതായി കസ്റ്റഡി അപേക്ഷയില്‍ എക്‌സൈസ് വ്യക്തമാക്കുന്നു. ഗൂഢാലോചനയിലടക്കം പങ്കാളിയായ ഇവരെ ചോദ്യം ചെയ്യണമെന്നായിരുന്നു എക്‌സൈസിന്റെ അവശ്യം. കോടതി ഇവരെ ഏഴാം തീയതി വരെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. 

കേസില്‍ ഇനിയും ഏറെപേര്‍ പിടിയിലാകാനുണ്ടെന്നാണ് എക്സൈസ് പറയുന്നത്. കഴിഞ്ഞദിവസമാണ് 12-ാം പ്രതി സുസ്മിതയെ അറസ്റ്റ് ചെയ്തത്. സുസ്മിതയാണ് എല്ലാക്കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി നിയന്ത്രിച്ച് നിന്നിരുന്നവരിലൊരാള്‍. ആദ്യം പിടിയിലായ കേസിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍തുകകള്‍ സുസ്മിത അയച്ചിരുന്നു. ഗൂഗിള്‍ പേയിലൂടെയും മറ്റുമായിരുന്നു ഇത്. 

ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഒരുക്കാനും മുന്നില്‍ നിന്നത് സുസ്മിതയായിരുന്നു. വന്‍കിട ഹോട്ടലുകളിലും ക്ലബ്ബുകളിലും നടന്ന റേവ് പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ക്കൊപ്പം ഒട്ടേറെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ രംഘത്തെ ചിലരുമായി ബന്ധം സൂക്ഷിക്കുന്ന ഇവരാണ് പല ഡീലുകളിലും ഇടനിലക്കാരിയെന്നാണ് കരുതുന്നത്.

സുസ്മിത ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നുമാണ് എക്സൈസിന്റെ വിലയിരുത്തല്‍. 12 പ്രതികള്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ചിലരുടെ ഫോണിലേക്ക് ശ്രീലങ്കയില്‍നിന്നടക്കം കോളുകള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

Content highlights: Kakkanad drug case, Susmitha in  excise custody