കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ മുഖ്യ കണ്ണിയായ ‘ടീച്ചർ’ എന്നറിയപ്പെടുന്ന സുസ്മിത ഫിലിപ്പിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം. സുസ്മിത മറ്റു പ്രതികൾക്ക് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. സുസ്മിതയുടെ അക്കൗണ്ട് വിശദമായി പരിശോധിച്ചാൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ.

മയക്കുമരുന്ന് വില്പന സംഘത്തിലെ ബുദ്ധികേന്ദ്രമാണ് സുസ്മിതയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവരാണ് സംഘത്തെ നയിച്ചിരുന്നത്. സുസ്മിത വഴി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും ഹോട്ടലുകൾ കേന്ദ്രീകരിച്ചും റേവ് പാർട്ടികൾ നടന്നിട്ടുണ്ട്. ഇതിനാൽത്തന്നെ ഇവരുടെ അക്കൗണ്ടിലേക്ക് പണം ഇട്ടവരെ കണ്ടെത്തിയാൽ പ്രധാന ഇടപാടുകാരെ തിരിച്ചറിയാൻ സാധിക്കും.

സുസ്മിത പണം നൽകിയവരെ കണ്ടെത്താനായാൽ ഇവർ സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്ന ഏജന്റുമാരെയും കണ്ടെത്താനാകും. ഇവർക്ക് സിനിമാ മേഖലയിലുള്ള ചിലരുമായി അടുത്ത ബന്ധമുള്ളതായും വിവരമുണ്ട്.

നായപ്രേമം ഗാങ്ങിലെത്തിച്ചു

ബി.എഡ്. പൂർത്തിയായ ശേഷം ഓൺലൈൻ ക്ലാസുകൾ എടുത്തുവരികയായിരുന്നു സുസ്മിത. നായ്ക്കളോട് പണ്ടേ ഇഷ്ടമായിരുന്നു. വിലപിടിപ്പുള്ള വിദേശ ഇനം നായ്ക്കളെ വളർത്തുന്നതായിരുന്നു ഹോബി. ഇതുവഴിയാണ് പ്രതികളായ മുഹമ്മദ് ഫവാസിനെയും ഷബ്‌നയെയും ഇവർ പരിചയപ്പെട്ടത്. പിന്നീടാണ് മയക്കുമരുന്ന് ഇടപാടുകളിൽ പങ്കാളിയായത്. നായ്ക്കളെയടക്കം കാറിൽ കൊണ്ടുപോയി കുടുംബമാണെന്ന് വരുത്തി തീർത്ത്, അതിന്റെ മറവിൽ മയക്കുമരുന്ന്‌ കടത്താമെന്ന ബുദ്ധിയും സുസ്മിതയുടേതായിരുന്നു.

സുസ്മിത താമസിക്കുന്ന കൂവപ്പടിയിലെ നാട്ടുകാർക്ക് ഇവരെ കുറിച്ച് കൂടുതൽ അറിയില്ല. ആരോടും ഇവർ അടുപ്പം പുലർത്തിയിരുന്നില്ല. ഭർത്താവുമായി പിരിഞ്ഞ ഇവർ കോട്ടയത്താണ് മുമ്പ് താമസിച്ചിരുന്നതെന്നു മാത്രമാണ് നാട്ടുകാർക്ക് അറിയാവുന്നത്.

43 ദിവസം സ്വതന്ത്ര

സംശയമുണ്ടായിട്ടും സുസ്മിതയെ അറസ്റ്റ് ചെയ്യാൻ എക്സൈസ് ശ്രമിച്ചില്ല. കേസ് എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് സുസ്മിതയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്. സംഭവം നടന്ന് 43 ദിവസത്തിനു ശേഷമായിരുന്നു അറസ്റ്റ്.

കൊച്ചിയിൽ തന്നെയുണ്ടായിരുന്ന സുസ്മിതയ്ക്ക് കേസിന്റെ ഒാരോ നീക്കവും അറിയാനും ഇതനുസരിച്ച് മുൻകരുതലുകൾ എടുക്കാനും സമയം കിട്ടി. ഡിജിറ്റൽ തെളിവടക്കം ഇവർ നശിപ്പിച്ചതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

പ്രതികൾ ഉപയോഗിച്ചത് വ്യാജ തിരിച്ചറിയൽ രേഖകൾ

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ സുസ്മിത ഫിലിപ്പുമായി നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ കണ്ടെത്തി എക്സൈസ് ക്രൈംബ്രാഞ്ച്. റേവ് പാർട്ടി നടത്തുന്നതിന്റെ ഭാഗമായി സുസ്മിതയും കേസിലെ ഒന്ന്, നാല്, അഞ്ച് പ്രതികളും എറണാകുളം എം.ജി. റോഡിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ഒന്നാം പ്രതി മുഹമ്മദ് ഫവാസും അഞ്ചാം പ്രതി ഷബ്‌നയും വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഹോട്ടലിൽ താമസിച്ചത്. തിരിച്ചറിയൽ രേഖയിലെ ചിത്രം മാത്രം ഇവരുടെ വെച്ച് വ്യാജ രേഖയുണ്ടാക്കുകയായിരുന്നുവെന്ന് ഹോട്ടലിൽ നടത്തിയ തെളിവെടുപ്പിൽ വ്യക്തമായി.

വ്യാജരേഖ ചമച്ച വിവരം പോലീസിനെ അറിയിക്കുമെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നും എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം പറഞ്ഞു. റേവ് പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി മറ്റു ചിലരും ഹോട്ടലിൽ എത്തിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

വ്യാജരേഖ ചമച്ചതിന് പോലീസ് കേസെടുത്താൽ ഇതുണ്ടാക്കാൻ സഹായിച്ചവരും അറസ്റ്റിലാകും. നിലവിൽ എക്സൈസിനെ കൂടാതെ വനം വകുപ്പിന്റെ കേസും പ്രതികൾക്കെതിരേയുണ്ട്.

സുസ്മിത മറ്റു പ്രതികളോടൊപ്പം തങ്ങിയ കാക്കനാട്ടെ അപ്പാർട്ട്‌മെന്റിലും സുസ്മിത പേയിങ് ഗസ്റ്റായി താമസിച്ച എളമക്കരയിലെ വീട്ടിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച സുസ്മിതയുടെ മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി തീരും.