തിരുവനന്തപുരം:  നെയ്യാറ്റിന്‍കര നരുവാമൂട്ടില്‍ അനീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയത് ശല്യം സഹിക്കാതെ വന്നതിനെ തുടര്‍ന്നെന്ന് പ്രതികള്‍. കാക്ക അനീഷ് എന്നറിയെപ്പെട്ടിരുന്ന കൊല്ലപ്പെട്ട അനീഷ് കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിയിരുന്നു. മാരായമുട്ടം ജോസ് വധക്കേസ് ഉള്‍പ്പടെ 27-ഓളം ക്രിമിനല്‍കേസുകളിലെ പ്രതിയാണ് അനീഷ്. 

പള്ളിച്ചല്‍ സ്വദേശി കുളങ്ങരക്കോണം ലീലാ ഭവനില്‍ അനൂപ്, സന്ദീപ് ഭവനില്‍ സന്ദീപ്, പള്ളിച്ചല്‍ പൂവണംകുഴി സ്വദേശി അരുണ്‍, പള്ളിച്ചല്‍ വട്ടവിള മേലേ പുരയിടത്ത്  വിഷ്ണു എന്നു വിളിക്കുന്ന രഞ്ജിത്ത് പള്ളിച്ചല്‍ വരിക്കപ്ലാവിള വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അനൂപ് എന്നിവരാണ് അനീഷിനെ കൊലപ്പെടുത്തിയത്. ഇവരെല്ലാം അനീഷിന്റെ അയല്‍വാസികളാണ്. ഇതിനുമുമ്പ് ഒരു ക്രിമിനല്‍ കേസിലും ഇവര്‍ ഉള്‍പ്പെട്ടിട്ടില്ല. 

ഗുണ്ടാപ്പിരിവ് നടത്തുന്നത് അനീഷിന്റെ സ്ഥിരം പതിവായിരുന്നു. നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും പതിവാണെന്നും പ്രതികള്‍ പറയുന്നു. അനീഷ് ഇവരെ കാണുമ്പോഴൊക്കെ അസഭ്യം പറയുകയും, കൊലവിളി നടത്തുന്നതും പതിവായിരുന്നു. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി.  ഇങ്ങനെ അനീഷിന്റെ നിരന്തരമായ ശല്യമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പിടിയിലായ പ്രതികള്‍ പോലീസിനു മൊഴി നല്‍കി.

കാപ്പാ കാസില്‍ ജയിലിലായിരുന്ന അനീഷ് രണ്ടാഴ്ച മുമ്പാണ് ജയില്‍ മോചിതനായത്. രണ്ടുദിവസം മുമ്പ് നരുവാമൂട്ടിലെ ഒരു മരണ വീട്ടില്‍ വച്ചും പ്രതികളെ അനീഷ് അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതിലെ പ്രകോപനമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. 

ജയില്‍മോചിതനായി നാട്ടിലെത്തിയതിന് പിന്നാലെ ബൈക്ക് മോഷണമുള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കുളങ്ങരക്കോണം സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാല പൊട്ടിച്ച കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. 

കുളങ്ങരക്കോണത്തെ അടച്ചിട്ടിരുന്ന ഹോളോബ്രിക്സ് നിര്‍മാണ ശാലയിലാണ് കഴിഞ്ഞദിവസം അനീഷിന്റെ  മൃതദേഹംകണ്ടെത്തിയത്. കാക്ക അനീഷിന്റെ സ്ഥിരം താവളങ്ങളിലൊന്നാണ് ഇത്. അയാള്‍ കിടന്നുറങ്ങുന്നതും ഇവിടെയാണ്. കൊല നടന്ന ശനിയാഴ്ച രാത്രി എട്ടരയോടെ ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് മദ്യലഹരിയിലെത്തിയ അനീഷ് ഇവിടെവെച്ച് യുവാക്കളെ കണ്ടതോടെ ആക്രമിക്കാന്‍ ശ്രമിക്കുകയും കയ്യാങ്കളിക്കിടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയുമായിരുന്നു. അനീഷിന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് തന്നെയാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.

സംഭവത്തില്‍ സമീപത്തെ സിസി ടി വി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ട് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. സംഭവത്തിന് പിന്നാലെ സമീപത്തെ കാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇവരെ റൂറല്‍ എസ്.പി പി.കെ.മധുവിന്റെയും കാട്ടക്കട ഡിവൈ.എസ്.പി കെ.എസ്.പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.  മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അനീഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Content Highlights: kakka aneesh murder case thiruvananthapuram accused reveals the reason for murder