കടയ്ക്കാവൂർ: കവലയൂരിനു സമീപം മണമ്പൂരിൽ എട്ടംഗ അക്രമിസംഘം യുവാവിനെ വഴിയിലിട്ട് വെട്ടിക്കൊന്നതിനു കാരണം പ്രതികളിലൊരാളുമായി നടന്ന വാക്കുതർക്കമെന്ന് സൂചന. കടയ്ക്കാവൂർ പെരുംകുളം മിഷൻ കോളനി കല്ലറതോട്ടം വീട്ടിൽ ജോഷി(38)യെയാണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ എട്ടുപേരടങ്ങിയ അക്രമിസംഘം ഇയാളുടെ വീട്ടിലേക്കുള്ള വഴിയിലിട്ട് വെട്ടിക്കൊന്നത്. അക്രമത്തിൽ പങ്കെടുത്ത ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

പ്രതികളിലൊരാളുടെ അമ്മയെ അസഭ്യം പറഞ്ഞതാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്ന് കസ്റ്റഡിയിലുള്ളയാളുടെ മൊഴി മുഖവിലയ്ക്കെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഇയാളെ കൂടുതൽ ചോദ്യംചെയ്തെങ്കിൽ മാത്രമേ അക്രമത്തിനും കൊലപാതകത്തിലേക്കും നയിച്ച കാരണം വ്യക്തമാകൂ എന്ന നിലപാടിലാണ് പോലീസ്.

പ്രതികളിൽ ചിലരുടെ ലഹരിമാഫിയകളുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. കവലയൂരിലെ പനയ്ക്കോട്ടുകോണം പാറയിൽ കടവിൽ ജോഷിയുടെ വീടിനു സമീപത്തുവച്ചായിരുന്നു കൊലപാതകം. കഴുത്തിനുകീഴെയും തോളിലും തുടയിലും ആഴത്തിൽ വെട്ടേറ്റതാണ് മരണകാരണം.

ജോഷിയും സുഹൃത്തായ താഹയും വീടിനു പിറകുവശത്തുള്ള വഴിയിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് സംഘം ജോഷിയെ ഓടിച്ചിട്ട് വെട്ടിയത്. വെട്ടേറ്റ് രക്തം വാർന്നുകിടന്ന ജോഷിയെ കടയ്ക്കാവൂർ പോലീസെത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവുകടത്ത് തുടങ്ങി വിവിധ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട ജോഷിയെന്ന് പോലീസ് പറഞ്ഞു.

തൊപ്പിച്ചന്തയിൽവച്ച് ഒരാളുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിൽ പോലീസ് പിടിയിലായശേഷം രണ്ടുമാസം മുമ്പ് ജാമ്യത്തിൽ ഇറങ്ങിയതാണിയാൾ. കൂടുതൽ അന്വേഷണത്തിനായി വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

വർക്കല ഡിവൈ.എസ്.പി. ബാബുക്കുട്ടൻ, ആറ്റിങ്ങൽ ഡിവൈ.എസ്.പി. ഹരി, എന്നിവർക്കാണ് അന്വേഷണച്ചുമതല. കടയ്ക്കാവൂർ, ആറ്റിങ്ങൽ, വർക്കല പോലീസിന്റെ നേതൃത്വത്തിൽ മറ്റ് പ്രതികൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്.