ന്യൂഡൽഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ശേഖരിച്ച് ഓൺലൈൻ വഴി വിൽപന നടത്തുന്ന ടി.വി-സീരിയൽ നടനെതിരേ സി.ബി.ഐ. കേസെടുത്തു. ഹരിദ്വാർ സ്വദേശിയും ടി.വി. സീരിയലുകളിലെ ജൂനിയർ ആർട്ടിസ്റ്റുമായ യുവാവിനെതിരേയാണ് പോക്സോ, ഐ.ടി. നിയമപ്രകാരം സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കി അവരുടെ അശ്ലീലചിത്രങ്ങൾ ശേഖരിച്ചാണ് ഇയാൾ മറ്റുള്ളവർക്ക് വിൽപന നടത്തിയിരുന്നത്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾക്ക് പുറമേ വീഡിയോകളും വീഡിയോകോൾ റെക്കോർഡിങ്ങുകളും രാജ്യത്തിനകത്തും പുറത്തുമുള്ളവർക്കാണ് കൈമാറിയിരുന്നത്. സാമൂഹികമാധ്യമങ്ങൾ വഴി വിൽപന നടത്തിയിരുന്ന കുട്ടികളുടെ അശ്ലീലചിത്രങ്ങൾക്ക് ഉയർന്ന തുകയും ഈടാക്കിയിരുന്നു.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെയും ആയിരത്തിലേറെ കുട്ടികളുമായി യുവാവിന് ബന്ധമുണ്ടായിരുന്നു. ഇവരിൽ മിക്കവരും. 10 മുതൽ 16 വയസ് വരെ പ്രായമുള്ളവരാണ്. വലിയ സിനിമ നടനാണെന്ന വ്യാജേനയാണ് ഇൻസ്റ്റഗ്രാമിലൂടെ കുട്ടികളുമായി പരിചയം സ്ഥാപിക്കുന്നത്. പിന്നീട് അടുപ്പം മുതലാക്കി അശ്ലീല ചിത്രങ്ങൾ ആവശ്യപ്പെടും. ഇതോടൊപ്പം വാട്സ് ആപ്പ് നമ്പറുകൾ വാങ്ങി അശ്ലീല വീഡിയോ കോളുകളും നടത്തും. ഈ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളിലെ മറ്റു ഗ്രൂപ്പുകളിലൂടെ വിൽപന നടത്തുന്നത്. നിരവധിപേർ ഇയാളിൽനിന്ന് പണം കൊടുത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ.

കുട്ടികൾ ആരെങ്കിലും ഇയാളുമായുള്ള ആശയവിനിമയം നിർത്താൻ തീരുമാനിച്ചാൽ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. നേരത്തെ സ്വന്തമാക്കിയ അശ്ലീലചിത്രങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകുമെന്നാകും ഭീഷണി. ഇതോടെ ചതിയിൽപ്പെട്ട കുട്ടികൾ വീണ്ടും ചിത്രങ്ങൾ അയച്ചുനൽകാൻ നിർബന്ധിതരാവുകയായിരുന്നു.

ഓൺലൈനിൽ കുട്ടികൾക്കെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ തടയാനും അന്വേഷിക്കാനും സി.ബി.ഐയ്ക്ക് പ്രത്യേക സംഘമുണ്ട്. നേരത്തെ ടെലഗ്രാം ആപ്പ് വഴി 250 രൂപയ്ക്ക് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വിൽപന നടത്തിയ ആളെയും സി.ബി.ഐ. പിടികൂടിയിരുന്നു.

Content Highlights:junior serial artist booked by cbi for selling child sexual content on online