മണ്ണാർക്കാട്(പാലക്കാട്): പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. കോട്ടോപ്പാടം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജെ.എച്ച്.ഐ. സുരേഷ് ജോർജ് വർഗീസ് (42) ആണ് ബാലപീഡന നിരോധന (പോക്സോ) നിയമത്തിലെ വകുപ്പുകൾപ്രകാരം അറസ്റ്റിലായത്.

പീഡനത്തിനുശേഷം കടുത്ത മാനസികസംഘർഷത്തിലായിരുന്ന കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ചൈൽഡ്ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

നഞ്ചപ്പനഗറിലുള്ള വീട്ടിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് സുരേഷിനെ അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. സി.ഐ. അജിത്ത്‌കുമാർ, എസ്.ഐ. ജസ്റ്റിൻ, എ.എസ്.ഐ. വിജയമണി, സി.പി.ഒ.മാരായ കമറുദീൻ, ഷഫീക്ക്, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മംഗലംഡാം(പാലക്കാട്): പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തളികക്കല്ല് ഗോത്രവർഗ കോളനിയിലെ മനോജാണ് (28) അറസ്റ്റിലായത്. സ്കൂൾ ഹോസ്റ്റൽ പൂട്ടിയതിനാൽ വീട്ടിൽ തിരിച്ചെത്തിയ കുട്ടിയാണ് പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു.

ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് മംഗലംഡാം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ പാലക്കാടുള്ള സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി.

Content Highlights:junior health inspector arrested in pocso case