നേമം(തിരുവനന്തപുരം): മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും പ്രദീപിന് ഭീഷണിയുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.

''മകനെ ചതിച്ചു കൊന്നതാണ്. അവന്റെ തുറന്ന നിലപാടുകൾ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ട്.''- മരിച്ച പ്രദീപിന്റെ അമ്മ വസന്തകുമാരി തേങ്ങലോടെ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിയുണ്ടായിരുന്നതായി സഹോദരി പ്രീജ എസ്. നായരും പറഞ്ഞു. രാത്രി നേമം പോലീസ് സ്റ്റേഷനിൽ ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ പ്രദീപിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.

ഇടിച്ചത് ലോറി, കണ്ടെത്താൻ ശ്രമം

പ്രദീപിനെ ഇടിച്ചിട്ടത് ടിപ്പർ ലോറിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അപകടം നടന്ന കാരയ്ക്കാമണ്ഡപം തുലവിളയ്ക്ക് സമീപത്തെ വിവിധ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്തിയത്. അതേസമയം, ഈ വാഹനത്തെയോ വാഹനമുടമയെയോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടമുണ്ടാക്കിയത് ടിപ്പർ ലോറിയാണെന്നാണ് ദൃക്സാക്ഷികളും പറഞ്ഞിരുന്നു.

പ്രത്യേകസംഘം

എസ്.വി. പ്രദീപിന്റെ അപകടമരണത്തിൽ ദുരൂഹത ഉയർന്നതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപവത്‌കരിച്ചിരിക്കുന്നത്.

പ്രദീപിന്റെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സമഗ്ര അന്വേഷണം നടത്തിയ സത്യം പുറത്തുകൊണ്ടുവരണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും ആവശ്യപ്പെട്ടു.

Content Highlights:journalist sv pradeep accident death relatives suspect mystery