നേമം: മാധ്യമപ്രവര്‍ത്തകന്‍ പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട് സംഭവസമയത്ത് അതുവഴി കടന്നുപോയ രണ്ട് സ്‌കൂട്ടറുകളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 14-നാണ് ദേശീയപാതയില്‍ കാരയ്ക്കാമണ്ഡപത്തിനും തുലവിളയ്ക്കും ഇടയ്ക്ക് ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന എസ്.വി. പ്രദീപ് മരിച്ചത്. 

ദൃക്സാക്ഷികളില്ലാതിരുന്നതിനാല്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ലോറിയെ തിരിച്ചറിഞ്ഞത്. പ്രദീപിന്റെ മരണത്തിനിടയാക്കിയ ടിപ്പര്‍ ലോറി കണ്ടെത്തിയ പോലീസ് ഡ്രൈവറെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും അപകടത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോള്‍ ദൃശ്യങ്ങളില്‍ കണ്ടെത്തിയ സ്‌കൂട്ടര്‍ യാത്രികര്‍ അപകടം നടക്കുമ്പോള്‍ വാഹനം നിര്‍ത്തി നോക്കിയ ശേഷം കടന്നുപോകുന്നതായി കാണുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

അതുകൊണ്ട് ഇവരെ കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്. സ്‌കൂട്ടറുകളുടെ നമ്പര്‍ വ്യക്തമാകാത്തതിനാലാണ് പോലീസ് ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. വാഹനത്തെയും ഓടിച്ചിരുന്നവരെയും കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോര്‍ട്ട് എ.സി. - 9497990009, ഇന്‍സ്പെക്ടര്‍ നേമം- 9497987011, എസ്.ഐ. -9497980009, നേമം സ്റ്റേഷന്‍ -0471-2390223.

പ്രദീപിന്റെ അമ്മ ഉപവാസം നടത്തി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായിരുന്ന എസ്.വി.പ്രദീപിന്റെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അമ്മ വസന്തകുമാരി സെക്രട്ടേറിയേറ്റിനു മുന്നില്‍ ഏകദിന ഉപവാസസമരം നടത്തി. പി.ടി.തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മകന് നീതി ലഭിക്കണമെന്നും വസന്തകുമാരി പറഞ്ഞു. മകനെ നശിപ്പിച്ചതുപോലെ കുടുംബത്തെയും നശിപ്പിക്കാനാണ് ശ്രമം. സത്യത്തിനുവേണ്ടി നിലകൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന പത്രപ്രവര്‍ത്തകന്റെ അമ്മയാണ് താനെന്നും മകനെ കെണിയില്‍ പെടുത്തുകയായിരുന്നെന്നും അവന് നീതികിട്ടണമെന്നും വസന്തകുമാരി പറഞ്ഞു. മകനെ ചതിച്ചതാണെന്ന് വിശ്വസിക്കുന്നു. അതെന്താണെന്ന് കണ്ടെത്തണം. ഹണി ട്രാപ്പിലെല്ലാം ഇടപെടീച്ചും പല പ്രവൃത്തികളിലൂടെയും മകനെ നശിപ്പിച്ചു. കൊലയാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വസന്തകുമാരി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് രണ്ട് മാധ്യമപ്രവര്‍ത്തകരുടെ മരണം ഒട്ടേറെ ചോദ്യങ്ങളുണര്‍ത്തുന്നതാണെന്ന് സമരം ഉദ്ഘാടനംചെയ്ത പി.ടി.തോമസ് പറഞ്ഞു. പ്രദീപിന്റെ സ്‌കൂട്ടര്‍ പരിശോധിക്കാനോ, രേഖകള്‍ പരിശോധിക്കാനോ അന്വേഷണം നടത്തിയ പോലീസ് തയ്യാറായിട്ടില്ല. അപകടമുണ്ടാക്കിയെന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത വാഹനവുമായി ബന്ധപ്പെട്ട് ഒരു പരിശോധനയും പോലീസ് നടത്തിയില്ല. സജീവമായി നിന്ന ഒരു മാധ്യമപ്രവര്‍ത്തകന് ഇങ്ങനെയെങ്കില്‍ നാളെ ആര്‍ക്കും എന്തും സംഭവിക്കാവുന്ന അവസ്ഥയുണ്ട്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി സി.ബി.ഐ. അന്വേഷണം വേണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടു.

ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എം.ഷാജഹാന്‍, ബി.ജെ.പി. സംസ്ഥാന സമിതി അംഗം എസ്.സുരേഷ്, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരും ഉപവാസ സമരത്തില്‍ പങ്കെടുത്തു.

Content Highlights: journalist sv pradeep accident death police released cctv visuals of other scooter passengers