ചെന്നൈ: തമിഴ്നാട്ടിൽ മാധ്യമ പ്രവർത്തകനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. തമിഴൻ ടി.വി. റിപ്പോർട്ടറായ ജി. മോസസാണ്(26) കൊല്ലപ്പെട്ടത്. സർക്കാർ പുറമ്പോക്ക് ഭൂമിയുടെ അനധികൃത വിൽപന ചോദ്യംചെയ്തതും ഇതുസംബന്ധിച്ച് വാർത്തകൾ നൽകിയതുമാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

സോമംഗലത്തിന് സമീപം നല്ലൂരിൽ താമസിക്കുന്ന മോസസ് തമിഴൻ ടി.വി.യുടെ ശ്രീപെരുമ്പത്തൂർ റിപ്പോർട്ടറായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് യേശുദാസൻ മലൈ തമിഴകം പത്രത്തിലെ മാധ്യമപ്രവർത്തകനാണ്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ചിലർ വിളിച്ചതനുസരിച്ച് മോസസ് വീട്ടിൽനിന്ന് പുറത്തിറങ്ങിയത്. സുഹൃത്തുക്കളാരെങ്കിലും വിളിച്ചതാകുമെന്നാണ് വീട്ടുകാർ കരുതിയത്. തുടർന്ന് സമീപത്തെ തടാകത്തിനടുത്തേക്ക് നടന്നുപോയ മോസസിനെ ഒരു സംഘം കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്നെത്തി വെട്ടിവീഴ്ത്തി. കരച്ചിൽ കേട്ട് വീട്ടുകാരും അയൽക്കാരും എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. മോസസിനെ ഉടൻതന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

.പ്രദേശത്തെ പുറമ്പോക്ക് ഭൂമി ചിലർ കൈയേറി അനധികൃതമായി മറിച്ചുവിൽക്കാൻ ശ്രമിച്ചത് മോസസ് അടക്കമുള്ളവർ ചോദ്യംചെയ്തിരുന്നു. ഇതേതുടർന്ന് പ്രദേശവാസികൾ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസും അനധികൃത കൈയേറ്റങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു. പ്രദേശവാസികളെ സംഘടിപ്പിച്ചതിനും അനധികൃത കൈയേറ്റങ്ങളെക്കുറിച്ച് വാർത്ത നൽകിയതിനും പിന്നിൽ യേശുദാസനും മോസസുമാണെന്നാണ് കൈയേറ്റക്കാർ കരുതിയത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായും കേസിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. അട്ടൈ എന്ന വെങ്കിടേശ്വരൻ(18) നവമണി(26) വിഘ്നേഷ്(19) മനോജ്(19) എന്നിവരാണ് അറസ്റ്റിലായത്

Content Highlights:journalist hacked to death in tamilnadu