ബെംഗളൂരു: ഹിന്ദു വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കുന്നത് തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്ന തരത്തിൽ അഭ്യന്തര മന്ത്രി എം.ബി. പാട്ടീലിന്റെ പേരിൽ വ്യാജ കത്ത് തയ്യാറാക്കിയതായ പരാതിയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ഹേമന്ത് കുമാറിനെയാണ് സൈബർ പോലീസ് അറസ്റ്റുചെയ്തത്.

എം.ബി. പാട്ടീലിന്റെ പേരിലുള്ള കത്ത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത് വിവാദമാകുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി. വ്യാപകമായി ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.

ലിംഗായത്തിന് പ്രത്യേക മതപദവി നൽകുന്നത് ഹിന്ദു വോട്ടുകൾ ഭിന്നിക്കാൻ ഇടയാകുമെന്നും ഇത് തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. കോൺഗ്രസ് നേതാവ് സോണിയാഗാന്ധിക്ക് 2017-ൽ എഴുതിയ കത്ത് എന്ന നിലയിലാണ് കത്ത് പ്രചരിച്ചരുന്നത്. കത്ത് വിവാദമായതിനെത്തുടർന്ന് അഭ്യന്തരമന്ത്രി കൂടിയായ എം.ബി. പാട്ടീൽ അന്വേഷണമാവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

അതിനിടെ, ഹേമന്ത് കുമാറിന്റെ അറസ്റ്റിനെതിരെ ബി.ജെ.പി. നേതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പോലീസ് മേധാവി നീലമണി രാജുവിന് നിവേദനം നൽകി. പോലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് നിവേദനത്തിൽ ആരോപിച്ചു.

എം.ബി. പാട്ടീലിന്റെ നേതൃത്വത്തിലുള്ള സർവകലാശാലയുടെ ലെറ്റർ ഹെഡ് കൈവശപ്പെടുത്തിയാണ് കത്ത് തയ്യാറാക്കിയതെന്നാണ് സൂചന. അഭ്യന്തരമന്ത്രിയുടെ പരാതിയെ തുടർന്ന് കത്ത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഓൺലൈൻ ന്യൂസ് പോർട്ടലായ പോസ്റ്റ് കാർഡ് ന്യൂസ് എഡിറ്റർ മഹേഷ് വിക്രം ഹെഗ്‌ഡെയെ സി.ഐ.ഡി. ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹേമന്ത് കുമാറിനെ അറസ്റ്റു ചെയ്തത്.

ബി.ജെ.പി. മുൻ എം.പി.യും വിജയവാണി പത്രത്തിന്റെ ഉടമയുമായ വിജയ് സോമശേഖറിനെതിരെയാണ് എം.ബി. പാട്ടീൽ പരാതി നൽകിയത്. ഏപ്രിൽ 16-ന് വ്യാജ കത്ത് വിജയവാണിയും പ്രസിദ്ധീകരിച്ചിരുന്നു.

Content Highlights: journalist arrested for writes fake letter against karnataka home minister