ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ലളിത് മിശ്ര, റിങ്കു എന്ന കേശവാനന്ദ് മിശ്ര, അക്രം അലി എന്നിവരെയാണ് ബഹാദുര്‍പുരിലെ വനത്തില്‍നിന്ന് പോലീസ് പിടികൂടിയത്. പ്രാദേശിക ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ ബല്‍റാംപുര്‍ സ്വദേശി രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് മൂവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 

ഗ്രാമമുഖ്യയായ കേശവാനന്ദിന്റെ മാതാവ് ഫണ്ട് തിരിമറി നടത്തിയ സംഭവം രാകേഷ് സിങ് വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് മൂന്ന് പ്രതികളും രാകേഷിന്റെ വീട്ടിലെത്തിയത്. സുഹൃത്ത് പിന്റുവും ഈ സമയം വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഇവര്‍ക്കൊപ്പം മദ്യപിച്ചു. ഇതിനുപിന്നാലെയാണ് രാകേഷിനെയും സുഹൃത്തിനെയും മുറിയില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തിയത്. 

സാനിറ്റൈസര്‍ ഉപയോഗിച്ചാണ് പ്രതികള്‍ വീടിന് തീകൊളുത്തിയതെന്നും സംഭവത്തിന് ശേഷം ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. പിന്റു സംഭവസ്ഥലത്തുവെച്ചും ഗുരുതരമായി പൊള്ളലേറ്റ രാകേഷ് സിങ് ആശുപത്രിയിലുമാണ് മരിച്ചത്. 

പിടിയിലായ അക്രം അലി ഇത്തരം കുറ്റകൃത്യങ്ങള്‍ നടപ്പിലാക്കാന്‍ വിദഗ്ധനാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവം അപകടമാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായാണ് കേശവാനന്ദ് അക്രം അലിയുടെ സഹായം തേടിയതെന്നും പോലീസ് പറഞ്ഞു. 

അതിനിടെ, കൊല്ലപ്പെട്ട രാകേഷിന്റെ ഭാര്യയ്ക്ക് ബല്‍റാംപുര്‍ ജില്ലാ ഭരണകൂടം അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൈമാറി. ഇവര്‍ക്ക് ബല്‍റാംപുര്‍ ചിനി മില്‍സ് ലിമിറ്റഡില്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാകേഷിന്റെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

Content Highlights: journalist and his friend killed in up three accused arrested