ലഖ്നൗ: ഉത്തർപ്രദേശിലെ ബൽറാംപുരിൽ വീട്ടിനുള്ളിൽ പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ മാധ്യമപ്രവർത്തകനും സുഹൃത്തും മരിച്ചു. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് അതിഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൽറാംപുർ കാൽവരി ഗ്രാമത്തിലെ രാകേഷ് സിങ്ങിന്റെ വീട്ടിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെ ഒരു മുറിക്കുള്ളിലാണ് ഇരുവരെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. പുറത്തു നിന്ന് പൂട്ടിയിട്ട മുറിയിലാകെ തീ പടർന്നുപിടിച്ചിരുന്നു.

സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. അക്രമികൾ ഇരുവരെയും മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്നാണ് പോലീസ് കരുതുന്നത്. വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളില്ല. ഫൊറൻസിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.

Content Highlights:journalist and his friend died in uttar pradesh