തിരുവനന്തപുരം:  സിസ്റ്റര്‍ അഭയയ്ക്ക് നൂറു ശതമാനം നീതി ലഭിച്ചുവെന്ന് അഭയ കേസില്‍ നിയമയുദ്ധത്തിന് നേതൃത്വം നല്‍കിയ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. സുപ്രീം കോടതി മുന്‍  ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന് നന്ദി പറയുന്നതായും ജോമോന്‍ വ്യക്തമാക്കി. അഭയ കേസിലെ പ്രതികളായ ഫാദര്‍ തോമസ്‌ കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ വാക്കുകളിലേക്ക്

ഈ കേസ് സി.ബി.ഐയ്ക്ക് വിട്ട അന്നത്തെ മുഖ്യമന്ത്രി  കെ. കരുണാകരന്‍ മരിച്ചിട്ട് ഡിസംബര്‍ 23-ന് 10 വര്‍ഷം തികയുന്നു. ഇതേ ദിവസം തന്നെ അഭയ കേസിലെ വിധി വന്നത് തികച്ചും യാദൃശ്ചികമാണ്.  അഭയ കേസിലും അഭയയ്ക്കും ഒരു ദൈവിക ശക്തിയുണ്ടെന്ന് പറയുന്നു. എനിക്ക് ഈ കേസില്‍  ഇടപെടാന്‍ അവകാശമില്ലെന്ന് പറഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് 2008-ല്‍ 23 കാര്യങ്ങള്‍ പറഞ്ഞ് ഹൈക്കോടതി ജഡ്ജി രാംകുമാര്‍ ഇട്ട ഉത്തരവ് സുപ്രീം കോടതി റദ്ദ് ചെയ്തില്ലായിരുന്നുവെങ്കില്‍ എനിക്ക് ഈ കേസില്‍ ഇടപെടാന്‍ സാധിക്കില്ലായിരുന്നു.  പിന്നീട് പോരാട്ടം നടത്താനോ പ്രതികളെ അറസ്റ്റ് ചെയ്യിക്കാനോ സി.ബി.ഐയുടെ ഒപ്പം നില്‍ക്കാനോ പറ്റാതെ വന്നേനെ. ആ വിധി റദ്ദ് ചെയ്തത് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ്. അദ്ദേഹത്തിന് നന്ദിപറയുകയാണ്.  2010 മെയ് മൂന്നിനാണ് എനിക്ക് അഭയ കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന വിധി സുപ്രീം കോടതി റദ്ദ് ചെയ്തത്. അതുകൊണ്ട് തന്നെ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനോട് നന്ദിപറയുന്നു. 

Content Highlight: Jomon Puthenpurackal statement after Abhaya case verdict