അഹമ്മദാബാദ്: കുടുംബം പുലര്‍ത്താന്‍ വരുമാനമില്ലാത്തതിനാല്‍ പത്ത് വയസ്സുകാരിയായ മകളെ പിതാവ് വിവാഹത്തിന്റെ മറവില്‍ വിറ്റു. ഗുജറാത്തിലെ അഹമ്മദാബാദിലെ ബനസ്‌ക്കന്തയിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും വരനെയും ഇടനിലക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തെ നോക്കാന്‍ വരുമാനമില്ലാത്തതിനാലാണ് മകളെ 37 ക്കാരനായ യുവാവിന് 50,000 രൂപയ്ക്ക് വിറ്റതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. ജഗ്മല്‍ ഗമാര്‍ എന്ന ഇടനിലക്കാരന്റെ പ്രേരണ മൂലമാണ് യുവാവിന്‌ പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ചു കൊടുത്തതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് മൊഴി നല്‍കി.

കഴിഞ്ഞദിവസം 37കാരനായ യുവാവ് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ഇടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് വിവാഹക്കാര്യം തുറന്നുപറഞ്ഞത്. ശൈശവവിവാഹം നിയമവിരുദ്ധമായതിനാല്‍ പെണ്‍കുട്ടിയെ മാസങ്ങളായി ലൈംഗികമായി പീഡിപ്പിപ്പിച്ചതിനാണ് വരനായ യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 

പെണ്‍കുട്ടിയെ അഹമ്മദാബാദിലെ അസ്വാരയിലെ യുവാവിന്റെ വീട്ടില്‍ നിന്നും വനിതാ ക്രൈംബ്രാഞ്ച് ഉദ്ദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക്‌ ശേഷം ഓദവയിലെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

Content Highlights: jobless father sold minor daughter for 50,000 rupees behind marriage to feed family