കല്ലമ്പലം(തിരുവനന്തപുരം): വിദേശത്ത് ജോലി വാഗ്ദാനം നല്കി പണം തട്ടിയെടുത്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്ന കല്ലമ്പലം കരവാരം ശിവകൃപയിൽ ഡോ. ജെ.പി.അമൃതപ്രസാദ്(34) ആണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്.

2018 കാലത്ത് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്ന അമൃതപ്രസാദ് അതേ ആശുപത്രിയിൽ മെയിൽ നഴ്സായി ജോലിചെയ്തിരുന്ന വിനോദിൽനിന്നാണ് പണം തട്ടിയെടുത്തത്. ദുബായിലെ വൻകിട കമ്പനിയിൽ പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളമുള്ള ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നല്കുകയും വിസയും മറ്റും ശരിയാക്കുന്നതിനായി അഞ്ചുലക്ഷം രൂപയോളം കൈക്കലാക്കുകയുമായിരുന്നു. വിനോദിന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം ഡോക്ടർക്ക് അയച്ചുകൊടുത്തത്. പണം നൽകി ഏറെനാൾ കഴിഞ്ഞിട്ടും വിനോദിന് ജോലി സംബന്ധിച്ച രേഖകളോ വിസയോ ഒന്നുംതന്നെ ലഭിച്ചില്ല. കൊടുത്ത പണം തിരികെക്കിട്ടാതിരിക്കുകയും ചെയ്തപ്പോൾ വിനോദിന്റെ അച്ഛൻ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി കേസിൽ അന്വേഷണത്തിന് ഉത്തരവിടുകയും തുടർന്ന് കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. പോലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ച് പരിശോധന ആരംഭിക്കുകയുമായിരുന്നു.

കരവാരത്തെ വീട്ടിൽനിന്നാണ് പോലീസ് ഡോക്ടറെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.വൈ.സുരേഷിന്റെ നിർദേശാനുസരണം കല്ലമ്പലം സബ് ഇൻസ്പെക്ടർ വി.ഗംഗാപ്രസാദ്, ഗ്രേഡ് എസ്.ഐ. ജയരാജ്, സിവിൽ പോലീസ് ഓഫീസർ രാഗേഷ് ലാൽ എന്നിവരാണ് അറസ്റ്റിനു നേതൃത്വം നല്കിയത്.

Content Highlights:job fraud case doctor arrested in kallambalam thiruvananthapuram