ചെറുതോണി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്ത ഐ.എന്‍.ടി.യു.സി. നേതാവിനെ ചോദ്യംചെയ്തപ്പോള്‍ പുറത്തുവരുന്നത് കോടികളുടെ തട്ടിപ്പ്.

പാലാ വട്ടിച്ചിറ സ്വദേശി പനയ്ക്കപ്പറമ്പില്‍ പി.സി.തോമസിനെയാണ്(62) മുരിക്കാശ്ശേരി എസ്.ഐ. എബി പി.മാത്യുവിന്റെ നേതൃത്വത്തില്‍ മൈസൂരുവിലെ ലോഡ്ജില്‍നിന്ന് പിടികൂടിയത്. അഞ്ച് കോടിയുടെ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആകെ 12 കോടിക്ക് മുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം.

ഇയാള്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ജീവനക്കാരനാണ്. പതിനാറാംകണ്ടം സ്വദേശി തൈക്കൂട്ടത്തില്‍ ബിനു ജോര്‍ജിന്റെ പരാതിയെ തുടര്‍ന്ന് മുരിക്കാശേരി പോലീസ് ഒരു മാസമായി ഇയാളെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു. വിദേശത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് ബിനുവിന്റെ പക്കല്‍നിന്ന് മൂന്ന് വര്‍ഷം മുന്‍പ് അഞ്ച് ലക്ഷം രൂപ വാങ്ങി. എന്നാല്‍ ജോലി ലഭിച്ചില്ല. ഒരു വര്‍ഷത്തിനുശേഷം പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പണം കൊടുക്കാന്‍ കൂട്ടാക്കാതെ ഉപാധികള്‍ പറഞ്ഞ് ഒഴിവാകുകയായിരുന്നെന്ന് ബിനു ജോര്‍ജ് പറഞ്ഞു.

ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് കൂടുതല്‍ ആളുകള്‍ പരാതിയുമായി എത്തുന്നുണ്ട്. സംഭവത്തില്‍ പാലാ സ്വദേശിയായ ഒരു വൈദികനും ഉള്‍പ്പെട്ടിട്ടുള്ളതായി പറയുന്നുണ്ട്.

കഴിഞ്ഞിരുന്നത് കൊലക്കേസ് പ്രതിക്കൊപ്പം

ഞായറാഴ്ച വൈകീട്ട് മൈസൂരു അശോക റോഡിലെ ലോഡ്ജില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തനിനിറം കൊലക്കേസ് പ്രതി വക്കച്ചനോടൊപ്പമായിരുന്നു തോമസ് മൈസൂരുവിലെ ലോഡ്ജില്‍ കഴിഞ്ഞിരുന്നത്.

ഇടുക്കി ഡിവൈ.എസ്.പി. ഇമ്മാനുവേല്‍ പോളിന്റെ നിര്‍ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ നിര്‍മ്മല്‍ ബോസ്, സജിന്‍ ലൂയീസ് എന്നിവരുടെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് സബ് ഇന്‍സ്‌പെക്ടര്‍ എബി മാത്യുവും എ.എസ്.ഐ. അനീഷും ചേര്‍ന്ന് പ്രതിയെ പിടികൂടി സ്ഥലത്തെത്തിച്ചത്.പ്രതിയെ തൊടുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.