വൈക്കം: ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ ബെംഗളൂരു സ്വദേശി പിടിയിൽ. ബെംഗളൂരു സ്വദേശി രവി തേജസിനെ(51)യാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്.

ചെമ്മനത്തുകര സ്വദേശിനി വിദ്യയിൽനിന്ന് അമേരിക്കയിൽ ജോലി വാങ്ങിനൽകാമെന്നുപറഞ്ഞാണ് 23.5 ലക്ഷം രൂപ തട്ടിയെടുത്തത്. 2019 ഒക്ടോബറിലാണ് വിദ്യ പോലീസിൽ പരാതി നൽകിയത്. കാനഡയിൽ ജോലി നൽകാമെന്നുപറഞ്ഞ് ആദ്യം 10 ലക്ഷം വാങ്ങി. പറഞ്ഞസമയത്ത് ജോലി ലഭിക്കാതായതോടെ, അങ്ങോട്ട് പോകണമെങ്കിൽ രണ്ടുവർഷം താമസമുണ്ടെന്നും 13.5 ലക്ഷംകൂടി തന്നാൽ അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞാണ് മൊത്തം 23.5 ലക്ഷം രൂപ കൈക്കലാക്കിയത്.

പണം നൽകി പല അവധികൾ മാറ്റിമാറ്റി പറഞ്ഞതോടെയാണ് വിദ്യ വൈക്കം പോലീസിൽ പരാതി നൽകിയത്. ഡിവൈ.എസ്.പി. സിജി സനൽകുമാറിന്റെ അന്വേഷണത്തിൽ, രവി തേജസ് ബെംഗളൂരുവിലുണ്ടെന്ന് മനസ്സിലാക്കി. എസ്.എച്ച്.ഒ. എസ്.പ്രദീപ്, എസ്.ഐ. ടി.പി.സദാശിവൻ, സി.പി.ഒ. സെയ് ഫ്ദീൻ എന്നിവരടങ്ങുന്ന സംഘം ബെംഗളൂരുവിലെത്തി. തുടർന്ന് രവി തേജസിന്റെ ബാങ്ക് അക്കൗണ്ട് കണ്ടെത്തി. അതോടൊപ്പമുണ്ടായിരുന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights:job fraud case bengaluru native arrested by vaikkom police