കണ്ണൂർ: സി.പി.എം. പ്രവർത്തകൻ നങ്ങാറത്ത് പീടികയിലെ കെ.പി.ജിജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഇന്റർപോളിന്റെ സഹായത്തോടെ ഗൾഫിൽനിന്ന് പിടികൂടിയ ആർ.എസ്.എസ്. പ്രവർത്തകൻ പ്രഭീഷ്കുമാറിനെ (37) മറ്റൊരു സി.പി.എം. പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തേക്കും.

2009 മാർച്ച് 27-ന് പുലർച്ചെ കണ്ണവം തൊടീക്കളത്ത് ലോക്കൽ കമ്മിറ്റിയംഗം ഗണപതിയാടൻ പവിത്രൻ (50) കൊല്ലപ്പെട്ട കേസിലാണിത്.

പ്രഭീഷ് കുമാറിനെ ചോദ്യംചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം കൂത്തുപറമ്പ് കോടതിയിൽ അപേക്ഷ നൽകി. ഇയാൾ പിടിയിലായത് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ പരിധിയിലുള്ള കേസുമായി ബന്ധപ്പെട്ടായതിനാൽ ആ കോടതിയുടെ അനുമതി വാങ്ങണമെന്ന് നിർദേശിച്ച് കൂത്തുപറമ്പ് കോടതി അപേക്ഷ തള്ളി. ഇനി തലശ്ശേരി കോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

2008 ജനവരി 27-നാണ് ജിജേഷ് കൊല്ലപ്പെട്ടത്. ഈ കേസിൽ പിടിയിലായ മാഹി ചെമ്പ്രയിലെ പിലാക്കാവിൽ പ്രഭീഷ്കുമാർ ജാമ്യത്തിലിറങ്ങി ഗൾഫിലേക്ക് കടക്കുകയായിരുന്നു. അഞ്ചുവർഷത്തിലേറെ ഗൾഫിലായിരുന്നു ഇയാളെ കടുത്ത സമ്മർദത്തിനൊടുവിൽ ഏപ്രിൽ 15-ന് ഡൽഹി വിമാനത്താവളത്തിലെത്തിക്കുകയും അവിടെനിന്ന് പിടികൂടി നാട്ടിലെത്തിക്കുകയുമായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലുള്ള പ്രതി ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

ഗണപതിയാടൻ പവിത്രൻ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ നേരത്തേ ഏതാനും ആർ.എസ്.എസ്. പ്രവർത്തകർ പിടിയിലായിരുന്നു. പിന്നീട് കോടതി ഇടപെടലിനെതുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

ജില്ലയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഒരു ആർ.എസ്.എസ്. പ്രവർത്തകന്റേതായി വന്ന വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഈ പ്രവർത്തകനുമായി പ്രഭീഷ് കുമാറിന് അടുത്തബന്ധമുണ്ടായിരുന്നതായി പറയുന്നു.

Content Highlights:jijesh murder case accused will be interrogated in another murder case