പേരാമ്പ്ര: ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രത്തിനുസമീപം കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ രണ്ടുവര്‍ഷംമുമ്പ് പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ കോളനി പൊന്നെലായില്‍ ദിന്‍ഷാദിനെയാണ് (26) പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ ചെമ്പനോട മനപ്പാടിക്കണ്ടി മീത്തല്‍ അമല്‍ബാബു (29) നേരത്തേ അറസ്റ്റിലായിരുന്നു.

രണ്ടുവര്‍ഷം മുമ്പ് ചെമ്പനോട ഭാഗത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനുപോയ സമയത്ത് ചെമ്പനോടയിലെ ഒരു വീട്ടിലേക്കെത്തിച്ച് ലൈംഗിക പീഡനം നടത്തിയെന്നാണ് പരാതി. ആദ്യകേസ് അന്വേഷണത്തിനിടെ നാദാപുരം എ.എസ്.പി. പി. നിധിന്‍രാജിനോടാണ് കുട്ടി നേരത്തേ നടന്ന പീഡനത്തെപ്പറ്റി സൂചന നല്‍കിയത്. തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

ഒക്ടോബര്‍ മൂന്നിന് ജാനകിക്കാടിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിലാണ് പതിനേഴുകാരി ആദ്യം ക്രൂരപീഡനത്തിന് ഇരയായത്. സായൂജ്, ഷിബു, അക്ഷയ്, രാഹുല്‍ എന്നിവര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു.

ഒക്ടോബറില്‍ തന്നെ വീണ്ടും പീഡനം നടന്നതായി പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പെരുവണ്ണാമൂഴി പോലീസ് മറ്റൊരു കേസും നേരത്തേയെടുത്തിട്ടുണ്ട്.