കോഴിക്കോട്: ഏകദേശം 113 ഹെക്ടര്‍ വിസ്തീര്‍ണ്ണം വരും മരുതോങ്കര പഞ്ചായത്തില്‍ കുറ്റ്യാടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ജനകിക്കാടിന്. 2008 ജനുവരിയില്‍ അന്ന് വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഇതിലെ എക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തതോടുകൂടി ജാനകിക്കാട് സഞ്ചാരികളുടെ പ്രധാന കേന്ദ്രവുമായി. കോളേജ് വിദ്യാര്‍ഥികളുടേയും പ്രണയിതാക്കളുടേയുമെല്ലാം ഇഷ്ടകേന്ദ്രം  കൂടിയാണ് ഇവിടം. ജാനകിക്കാടിന്റെ ആരും കാണാത്ത പുറംപോക്കിലാണ് പ്രദേശത്തുകാരെ ഞെട്ടിച്ച കൂട്ടബലാത്സംഗം ഒക്ടോബര്‍ മൂന്നിന് നടന്നത്.

പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ആദ്യം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കുട്ടി അതിന് ശേഷവും പിഡിപ്പിക്കപ്പെട്ടെന്നും മാത്രമല്ല, രണ്ട് വര്‍ഷം മുമ്പും പീഡനം നടന്നിരുന്നെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയം തന്നെയാണ് പോലീസിനുമുള്ളത്. ഇതുവരെ അഞ്ചുപേരാണ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. കാവിലുംപാറ സ്വദേശി  അക്ഷയ്(22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് ആദ്യം അറസ്റ്റിലായതെങ്കിലും കുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലില്‍ കുറ്റ്യാടി ആക്കല്‍ മാവിലപ്പാടി ഗുളിക്കല്‍പറമ്പത്ത് മെര്‍വിനേയും (22) അറസ്റ്റ്  ചെയ്തിരുന്നു. ഇതിന് ശേഷമാണ് മൂന്നാമത്തെ പീഡന വിവരവും പുറത്ത് വരുന്നത്.  

ആത്മഹത്യാശ്രമം മൂലം വെളിപ്പെട്ടത് കൂട്ടബലാത്സംഗത്തിന്റെ കഥ

ഒക്ടോബര്‍ മൂന്നിനാണ് നാല് പേര്‍ ചേര്‍ന്ന് ആദ്യം പെണ്‍കുട്ടിയെ പുറംപോക്കുസ്ഥലത്തെത്തിച്ച് പീഡിപ്പിച്ചത്. പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടായതോടെ കുറെ ദിവസം പെണ്‍കുട്ടി ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും ഒടുവില്‍ ആത്മഹത്യാശ്രമം നടത്തുകയും നാട്ടുകാര്‍ പെണ്‍കുട്ടിയെ പോലീസിലേല്‍പ്പിക്കുകയും ചെയ്തതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവന്നത്. പെണ്‍കുട്ടി വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ച് നാല് മണിക്കൂറിനിടയില്‍ തന്നെ പ്രതികളെയെല്ലാം വലയിലാക്കാന്‍ കഴിഞ്ഞത് പോലീസിന് നേട്ടമായെങ്കിലും പോലീസ് പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളാണ് പിന്നീടുള്ള ദിവസങ്ങളില്‍ ഉണ്ടായത്.

കുട്ടിയെ ചൈല്‍ഡ് ലൈന്റെ സംരക്ഷണത്തിലാക്കിയ പിന്നാലെയാണ് ആദ്യം പീഡിപ്പിച്ചതിന് ശേഷവും ഇതേ പ്രതികളിലൊരാളായ രാഹുലും മെര്‍വിനും കൂടി തന്നെ അതിന് ശേഷവും പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നത്. ചൈല്‍ഡ്‌ലൈന്‍ സംരക്ഷണത്തില്‍ പെണ്‍കുട്ടിക്ക് ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നത് കൊണ്ടാവും കേസന്വേഷണം കൂടുതല്‍ എളുപ്പമാക്കുന്ന തരത്തില്‍ കുട്ടിക്ക് ഇപ്പോള്‍ കാര്യങ്ങള്‍ പറയാനാവുന്നുണ്ടെന്ന് പോലീസ് പറയുന്നു. കൗണ്‍സിലിങ് അടക്കം നല്‍കിയതോടെയാണ് രണ്ട് വര്‍ഷം മുമ്പും താന്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്.

Janakkikkadu

പ്രതികളിലൊരാളായ അടുക്കം സ്വദേശിയെ പിടിക്കാന്‍ പോലീസെത്തിയപ്പോള്‍ പട്ടികളെ അഴിച്ചുവിട്ടാണ് രക്ഷപ്പെടാന്‍ നോക്കിയത്. ഒടുവില്‍ തൊട്ടില്‍പ്പാലം പോലീസുകാരില്‍ ഒരാള്‍ക്ക് പട്ടിയുടെ കടിയേല്‍ക്കുകയും ചെയ്തു. ആദ്യം കുറ്റ്യാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തൊട്ടില്‍പ്പാലം പോലീസ് സ്‌റ്റേഷനിലേക്കും പിന്നീട് പെരുവണ്ണാമൂഴി സ്‌റ്റേഷനിലേക്കും മാറി. നാദാപുരം അഡീഷണല്‍ എ.എസ്.പി പി. നിധിന്‍രാജാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് കേസുകള്‍ വന്നതോടെ തൊട്ടില്‍പ്പാലം, കുറ്റ്യാടി, പെരുവണ്ണാമൂഴി, പേരാമ്പ്ര പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കേസുകള്‍ നടക്കുന്നത്. 

ഒരു വര്‍ഷം 2177 പോക്‌സോ കേസുകള്‍

ഈ വര്‍ഷം എട്ട് മാസം പിന്നിടുമ്പോള്‍ മാത്രം 2177 പോക്‌സോ കേസുകളാണ് കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം 3019 കേസുകളായിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ ആറ് വരെയുള്ള കണക്കുകള്‍ പ്രകാരം  ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്. 296 കേസുകളാണ് മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി, റൂറല്‍ പരിധിയില്‍ 266 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടാം സ്ഥാനത്താണ്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇവിടെ സിറ്റി, റൂറല്‍ പരിധിയില്‍ 183 കേസുകളുണ്ട്. 

പോക്സോ കേസില്‍ ശിക്ഷിക്കപ്പെടുന്നവരുടെ  എണ്ണം വര്‍ധിച്ചു

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന കേസുകളില്‍ മഹാഭൂരിഭാഗവും ശിക്ഷിക്കപ്പെടുന്നതായി ബാലാവകാശ സംരക്ഷണ കമ്മിഷന്റെ 2019-20ലെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. 2019-ല്‍ 1406 കേസുകള്‍ വിചാരണ ചെയ്തപ്പോള്‍ 1093 കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. 73.89 ശതമാനമാണ് ഇത്. 167 കേസുകള്‍ മാത്രമാണ് വെറുതെവിട്ടത്. മറ്റുവിധത്തില്‍ തീര്‍പ്പായത് 146 കേസുകളാണ്. പക്ഷെ ഇതര കേസുകളിലെപ്പോലെ പോക്‌സോ കേസിലും വിചാരണ വൈകുന്നതായി ബാലാവകാശ കമ്മിഷന്‍ പറയുന്നുണ്ട്. 2012-ല്‍ നിലവില്‍ വന്ന ഈ നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ചെയ്ത 8678 കേസുകളില്‍ 7271 എണ്ണം തീര്‍പ്പാകാതെ കിടക്കുന്നു -83.78 ശതമാനം.

pocso

പോക്‌സോ നിയമത്തിലെ 29, 30 ഉപവകുപ്പുകളാണ് മിക്ക കേസുകളിലും ശിക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കുറ്റംചെയ്തില്ലെന്ന് സ്ഥാപിക്കേണ്ടത് 29-ാം വകുപ്പുപ്രകാരം പ്രതികളുടെ ബാധ്യതയാണ്. അതായത് പ്രതികളാക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്ന മുന്‍ ധാരണയിലാണ് വിചാരണ തുടങ്ങുന്നത്. മറ്റ് കേസുകളില്‍ മറിച്ചാണ്. പ്രതികള്‍ നിരപരാധികളെന്ന മുന്‍ ധാരണയിലാണ് വിചാരണ നടക്കുക. മറിച്ച് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. 30-ാം വകുപ്പ് പ്രകാരം ഇര, അതായത് ലൈംഗിക പീഡനത്തിനിരയായ കുട്ടി കള്ളംപറയില്ലെന്ന മുന്‍ ധാരണയാണ്. ഇവിടെയും മറിച്ച് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണ്.

കുട്ടികള്‍ക്കെതിരായ മറ്റ് അതിക്രമ കേസുകളില്‍ പാതിമാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂവെന്നത് പോക്‌സോ നിയമത്തിന്റെ ശക്തി വെളിവാക്കുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ 2020-ല്‍ തീര്‍പ്പാക്കിയ, കുട്ടികള്‍ക്കെതിരായ 1364 അതിക്രമ കേസുകളില്‍ 53.3 ശതമാനത്തില്‍ മാത്രമേ ശിക്ഷയുണ്ടായുള്ളൂ (ഇതില്‍ പോക്‌സോ കേസുകളും ഉള്‍പ്പെടുന്നുണ്ടോ എന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോ വ്യക്തമാക്കിയിട്ടില്ല). ഇവിടെയും തീര്‍പ്പാകാത്ത കേസുകള്‍ കുന്നുകൂടുകയാണ്. 17,829 കേസുകളില്‍ 1364 എണ്ണം മാത്രമാണ് തീര്‍പ്പാക്കിയത്.

2019-2020 ല്‍ വിവിധ ജില്ലകളില്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുകളുടെ വിവരങ്ങള്‍ ജില്ല തീര്‍പ്പാക്കിയ കേസുകള്‍ ശിക്ഷിച്ചത് എന്ന കണക്കില്‍-

തിരുവനന്തപുരം-തീര്‍പ്പാക്കിയത് 27 കേസുകള്‍ ശിക്ഷിക്കപ്പെട്ടത് 27 കേസുകള്‍
കൊല്ലം- തീര്‍പ്പാക്കിയത് 183 ശിക്ഷിക്കപ്പെട്ടത് 142 കേസുകള്‍
പത്തനംതിട്ട-തീര്‍പ്പാക്കിയത്  74 ശിക്ഷിക്കപ്പെട്ടത്  66 കേസുകള്‍
ആലപ്പുഴ- തീര്‍പ്പാക്കിയത 43 ശിക്ഷിക്കപ്പെട്ടത് 37 കേസുകള്‍
കോട്ടയം-തീര്‍പ്പാക്കിയത് 74 ശിക്ഷിക്കപ്പെട്ടത് 47 കേസുകള്‍
ഇടുക്കി- തീര്‍പ്പാക്കിയത് 33 ശിക്ഷിക്കപ്പെട്ടത് 19 കേസുകള്‍
എറണാകുളം-തീര്‍പ്പാക്കിയത്  181 ശിക്ഷിക്കപ്പെട്ടത് 146 കേസുകള്‍
തൃശ്ശൂര്‍-തീര്‍പ്പാക്കിയത് 32 ശിക്ഷിക്കപ്പെട്ടത് 12 കേസുകള്‍
പാലക്കാട്-തീര്‍പ്പാക്കിയത് 153 ശിക്ഷിക്കപ്പെട്ടത് 122കേസുകള്‍
മലപ്പുറം-തീര്‍പ്പാക്കിയത് 121 ശിക്ഷിക്കപ്പെട്ടത് 107 കേസുകള്‍
കോഴിക്കോട് -തീര്‍പ്പാക്കിയത് 222 ശിക്ഷിക്കപ്പെട്ടത് 174 കേസുകള്‍
വയനാട്-തീര്‍പ്പാക്കിയത്  110 ശിക്ഷിക്കപ്പെട്ടത് 99 കേസുകള്‍
കണ്ണൂര്‍-തീര്‍പ്പാക്കിയത് 76 കേസുകള്‍ 48 കേസുകള്‍
കാസര്‍കോട്-തീര്‍പ്പാക്കിയത്  77 ശിക്ഷിക്കപ്പെട്ടത് 47 കേസുകള്‍
ആകെ 1406 1093