മുംബൈ: ജല്‍ഗാവിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ പോലീസുകാര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ആരോപണങ്ങള്‍ സത്യമല്ലെന്നും മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം ഉള്‍പ്പെട്ട സമിതി ഹോസ്റ്റല്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തിയെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 

17 പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ അന്തേവാസികളായുള്ളത്. ആരോപണമുയര്‍ന്നതോടെ അവിടെ അന്വേഷണം നടത്തി. 41 സാക്ഷികളെ ചോദ്യംചെയ്തു. ആരോപണത്തില്‍ വാസ്തവമില്ലെന്നാണ് കണ്ടെത്തിയത്. പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി- മന്ത്രി പറഞ്ഞു. 

കഴിഞ്ഞദിവസമാണ് ജല്‍ഗാവിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചെന്ന വിവരം പുറത്തുവന്നത്. ഒരു സന്നദ്ധസംഘടന ഈ വിഷയത്തില്‍ വീഡിയോ സഹിതം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബി.ജെ.പി. ഈ വിഷയം നിയമസഭയിലും ഉന്നയിച്ചതോടെ വലിയ ചര്‍ച്ചയാവുകയായിരുന്നു. 

എന്നാല്‍ പരാതിയില്‍ പറയുന്ന ആരോപണങ്ങളെല്ലാം അപ്പാടെ നിഷേധിച്ചാണ് വ്യാഴാഴ്ച ആഭ്യന്തര മന്ത്രി നിയമസഭയില്‍ സംസാരിച്ചത്. പരാതിയില്‍ പറയുന്ന യുവതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും ഇക്കാര്യം അവരുടെ ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 20-ന് ഹോസ്റ്റലില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്തേവാസികള്‍ക്കുവേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ ഒരു പോലീസുകാരനും പങ്കെടുത്തിട്ടില്ല. പാട്ടും നൃത്തവുമെല്ലാം ഉള്‍ക്കൊള്ളിച്ച പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതി എന്തോ അസ്വസ്ഥത കാരണം അവരുടെ വസ്ത്രം അഴിച്ചു. അല്ലാതെ പരാതിയില്‍ പറയുന്ന ആരോപണങ്ങളില്‍ സത്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Content Highlights: jalgaon hostel nude dance allegation minister says no truth in allegation