ലഖ്‌നൗ: ജയില്‍മുറിയില്‍ തടവുപുള്ളികള്‍ മദ്യപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലാ ജയിലില്‍നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ജയിലിലെ സെല്ലില്‍വച്ച് മദ്യപിക്കുന്നതും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. 

വെടിവെപ്പ് കേസില്‍ പിടിയിലായി ജയില്‍ശിക്ഷ അനുഭവിക്കുന്ന അന്‍ഷു ദീക്ഷിത്, സൊഹ്‌റാബ് എന്നിവരും നാല് സഹതടവുകാരുമാണ് വീഡിയോയിലുള്ളത്. ജയിലിലെ സെല്ലിനകത്ത് ഇവര്‍ മദ്യപിക്കുന്നതും അന്‍ഷു ദീക്ഷിത് ഫോണിലൂടെ മറ്റൊരാളുമായി സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജയിലര്‍ക്ക് പതിനായിരം രൂപ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ച് നല്‍കണമെന്നും ഡെപ്യൂട്ടി ജയിലര്‍ക്ക് 5000 രൂപ നല്‍കണമെന്നുമാണ് ദീക്ഷിത് ഫോണിലൂടെ ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് ആവശ്യമായ മദ്യം ജയിലില്‍ എത്തിച്ചുനല്‍കണമെന്നും ഇയാള്‍ ഫോണിലൂടെ പറയുന്നുണ്ട്.

തടവുകാരുടെ മദ്യസേവയ്ക്കിടെ നാല് വെടിയുണ്ടകളും വീഡിയോദൃശ്യങ്ങളില്‍ കാണാം. ഇവരുടെ സഹതടവുകാരില്‍ ആരോ പകര്‍ത്തിയ വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. 

ജയിലിലെ വീഡിയോ വൈറലായതോടെ റായ്ബറേലി ജയിലിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ അറിയിച്ചു. ജയില്‍ സീനിയര്‍ സൂപ്രണ്ട് പ്രമോദ് കുമാര്‍ മിശ്ര, ജയിലര്‍ ഗോവിന്ദറാം മിശ്ര, ഡെപ്യൂട്ടി ജയിലര്‍ റാംചന്ദ്ര തിവാരി, വാര്‍ഡന്മാരായ ലാല്‍ത പ്രസാദ് പാണ്ഡേ, ഗംഗാറാം, ശിവ്മംഗള്‍ സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും നവംബര്‍ രണ്ടിന് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നതെന്നും വീഡിയോയിലെ തടവുകാരെ നവംബര്‍ 19ന് തന്നെ മറ്റു ജയിലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും ജയില്‍ എ.ഡി.ജി.പിയും വ്യക്തമാക്കി.

തടവുകാരുടെ വീഡിയോ വൈറലായതോടെ റായ്ബറേലി ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ പോലീസ് സൂപ്രണ്ടും ജയിലില്‍ പരിശോധന നടത്തി. വിവിധ സെല്ലുകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നിരവധി സിഗരറ്റുകള്‍, ലൈറ്ററുകള്‍, മധുരപലഹാരങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവ പരിശോധനയില്‍ പിടിച്ചെടുത്തു. 

Content Highlights: jail inmates drink and make extortion call in raebareli jail, video goes viral