തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ് ചോദ്യംചെയ്തു. എറണാകുളം സ്വദേശിയായ ഫിസിക്കല്‍ ട്രെയിനറുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. മരണത്തിന് തൊട്ടുമുമ്പ് ജാഗി ജോണ്‍ ഇയാളെ വിളിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളോട് തലസ്ഥാനത്ത് എത്താന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. കുടുംബസുഹൃത്തായ യുവതിവഴിയാണ് ജാഗി ജോണ്‍ ഇയാളെ പരിചയപ്പെട്ടത്. തലസ്ഥാനത്ത് എത്തുമ്പോള്‍ ഇയാള്‍ സ്ഥിരമായി ജാഗിയെ സന്ദര്‍ശിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഒരു ചാനല്‍ ഷോയ്ക്കുവേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ജാഗി. ഹെല്‍ത്ത്ക്ലബ്ബില്‍ ശാരീരിക പരിശീലനം നടത്തിയിരുന്നു. ഇതിനുവേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് പോലീസ് ചോദ്യം ചെയ്ത സുഹൃത്താണ്.

കഴിഞ്ഞ 23- ന് വൈകീട്ടാണ് ജാഗിയെ കുറവന്‍കോണത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. വൃദ്ധയായ മാതാവിനൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. ഇവര്‍ പരസ്പരവിരുദ്ധമായിട്ടാണ് സംസാരിച്ചിരുന്നത്. വാഹനാപകടത്തില്‍ മകനും ഭര്‍ത്താവും മരിച്ചശേഷം ഇവര്‍ ഇങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നെങ്കിലും മരണകാരണം സംബന്ധിച്ച് അമ്മയില്‍ നിന്നു വിവരം ശേഖരിക്കാന്‍ പോലീസിന് കഴിയുന്ന അവസ്ഥയല്ല.

വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. വീഴ്ചയുടെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. പരിക്കേല്‍ക്കുന്ന വിധത്തില്‍ തെറിച്ചുവീഴാനുള്ള സാധ്യതയാണ് പോലീസ് തേടുന്നത്. വീടിന്റെ മുകള്‍നിലയില്‍ നിന്നു പുറത്തേയ്ക്ക് ഇറങ്ങാനുള്ള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.

അന്വേഷണത്തില്‍ വീഴ്ച

ജാഗി ജോണിന്റെ ദുരൂഹമരണം അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ നിന്നു ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലാണ് പേരൂര്‍ക്കട പോലീസിന് വീഴ്ച സംഭവിച്ചത്. മൃതദേഹത്തിന്റെ വിരലടയാളം പോലും പ്രാഥമിക ഘട്ടത്തില്‍ ശേഖരിച്ചില്ല. അടുക്കളയിലാണ് മൃതദേഹം കിടന്നിരുന്നത്. തലയിടിച്ച് വീണ് മരണം സംഭവിച്ചുവെന്നുള്ള നിഗമനത്തില്‍ പോലീസ് നടപടികള്‍ നീങ്ങി. ഫോറന്‍സിക് ഉദ്യോഗസ്ഥരെ എത്തിക്കാനും വൈകി. അലമാരകളും മറ്റും പരിശോധിച്ചത് പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടാണ്. നിര്‍ണായകമായ തെളിവുകള്‍ പ്രാഥമികഘട്ടത്തില്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല.

Content Highlights: jagee john death; mystery continues and police interrogated her friend