പാങ്ങോട്: വ്യാപാരിയുടെ പുരയിടത്തിൽനിന്ന് നൂറോളം ചക്കകൾ മോഷ്ടിച്ചു. പാങ്ങോട്ടെ വ്യാപാരി നജീബിന്റെ പുരയിടത്തിൽ നിന്നാണ് ചക്കകൾ നഷ്ടപ്പെട്ടത്.

ഇദ്ദേഹത്തിന്റെ പഴവൂർകോണം കിളിത്തട്ടിലുള്ള പുരയിടത്തിലെത്തിയ തട്ടിപ്പുകാർ ഉടമസ്ഥൻ പറഞ്ഞിട്ടാണ് എത്തിയതെന്ന് റബ്ബർ ടാപ്പിങ് തൊഴിലാളിയെ അറിയിച്ചു. തുടർന്ന് ചക്ക അടർത്തിത്തുടങ്ങി. ഒടുവിൽ കുറച്ച് രൂപയും നൽകി. പൈസ നൽകിയതിനാൽ ടാപ്പിങ് തൊഴിലാളിക്ക് വിശ്വാസവുമായി. വൈകുന്നേരം പണം നൽകാൻ ഉടമയുടെ പാങ്ങോടുള്ള വീട്ടിലെത്തിയപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസ്സിലായത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും പാങ്ങോട് പോലീസിൽ പരാതി നൽകുമെന്നും വ്യാപാരി അറിയിച്ചു.