ബെംഗളൂരു: സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ സുരക്ഷാ ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച് 35 ലക്ഷം രൂപയുടെ കംപ്യൂട്ടര്‍ ഘടകങ്ങള്‍ കവര്‍ന്ന ഐ.ടി. എന്‍ജിനിയര്‍ അറസ്റ്റില്‍. ഒഡിഷ സ്വദേശി രാജ് പത്ര (27) യാണ് ബാഗലൂര്‍ പോലീസിന്റെ പിടിയിലായത്.

ഏപ്രില്‍ ആദ്യ ആഴ്ചയിലാണ് ബാഗലൂര്‍ മെയിന്‍ റോഡിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ സുരക്ഷാ ജീവനക്കാരനായി ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. കോളേജും പരിസരവും വിശദമായി മനസ്സിലാക്കിയശേഷം ജൂണ്‍-ജൂലായ് മാസങ്ങളിലായി കംപ്യൂട്ടര്‍ ലാബില്‍നിന്ന് ഉപകരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. കോളേജിലെ ജീവനക്കാരന്‍ ജൂലായ് 13-ന് ലാബിലെത്തിയതോടെയാണ് കംപ്യൂട്ടറിന്റെ വിലപിടിപ്പിപ്പുള്ള ഘടകങ്ങള്‍ മോഷണം പോയതറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ രാജ് പത്രയ്ക്ക് മോഷണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ നഗരത്തിലെ വിവിധ കടകളില്‍ വിറ്റ കംപ്യൂട്ടര്‍ ഘടകങ്ങളും പോലീസ് കണ്ടെത്തി. ഇതോടെ സ്വന്തം നാട്ടിലേക്ക് കടന്ന രാജ് പത്രയെ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ എന്ന വ്യാജേന പോലീസ് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.

2018-ല്‍ നഗരത്തിലെത്തിയ രാജ് പത്ര ഒരു ഐ.ടി. കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നെങ്കിലും അധികകാലം തുടര്‍ന്നില്ല. പിന്നീട് കൂടുതല്‍ വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യവുമായി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.