കണ്ണൂര്‍: ഭീകരസംഘടനായ ഐ.എസിന്റെ പ്രചാരണവിഭാഗത്തില്‍ പങ്കാളിയായതിന്റെ പേരില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത രണ്ട് യുവതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ തായത്തെരു ചെയിക്കിന്റകത്ത് ഷിഫാ ഹാരിസ്, താണ 'ഓര്‍മ'യില്‍ മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കഴിഞ്ഞദിവസം ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

രണ്ടാം തവണയാണ് യുവതികളെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ. കൊണ്ടുപോകുന്നത്. യുവതികളുടെ പിതൃസഹോദരനായ കക്കാട്ടെ മുഷാബ് അന്‍വറെ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഐ.എസുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോഴാണ് സഹോദരപുത്രിമാരായ മിസ്ഹാ സിദ്ദിഖിനെയും ഷിഫാ ഹാരിസിനെയും അറസ്റ്റ് ചെയ്യാനുള്ള തെളിവ് ലഭിച്ചത്. കൂടുതല്‍ വിവരം ലഭിക്കുന്നതിനാണ് ഇവരെ ഒരുമാസം മുന്‍പ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയത്. ഇവരുടെ മൊഴിയിലുള്ള വൈരുധ്യവും ശ്രദ്ധയില്‍പ്പെട്ടിരുന്നു.

യുവതികള്‍ ഇരുവരും 'ക്രോണിക്കിള്‍ ഫൗണ്ടേഷന്‍' എന്ന പേരില്‍ സാമൂഹികമാധ്യമപേജ് സൃഷ്ടിച്ചിരുന്നു. ഇതിനായി ഐ.എസ്. ബന്ധമുള്ളവരുമായി സഹകരിച്ചതായാണ് എന്‍.ഐ.എ. കരുതുന്നത്. സമാനമായ മറ്റു പേജുകളിലൂടെ അനുഭാവികളെ ആകര്‍ഷിക്കാനുള്ള ശ്രമമുണ്ടായതായും സംശയിക്കുന്നുണ്ട്. ഇവരുടെ കംപ്യൂട്ടറുകളും മൊബൈല്‍ഫോണുകളും പരിശോധിച്ചിരുന്നു. നേരത്തെ ഐ.എസിനുവേണ്ടി യുദ്ധം ചെയ്യാന്‍ സിറിയയിലും അഫ്ഗാനിസ്താനിലും പോയവരുമായും ഇവരെ കൊണ്ടുപോയവരുമായും ഇരുവര്‍ക്കുമുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി ഐ.എസിന്റെ സംസ്ഥാന ഘടകമോ സ്ലീപ്പിങ് സെല്ലുകളോ രൂപവത്കരിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും സംശയമുണ്ട്. ഇവരെ ചില ഏജന്‍സികള്‍ അത്തരം കാര്യത്തിനായി ഉപയോഗപ്പെടുത്തിയതായും സംശയമുണ്ട്.

അയല്‍ക്കാരുമായി അധികം അടുപ്പമൊന്നുമില്ലാത്തവരാണ് അറസ്റ്റിലായ യുവതികള്‍. അടുത്തിടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തെങ്കിലും ഇരുവരും വോട്ട് ചെയ്തിട്ടില്ല. സാമൂഹികമാധ്യമങ്ങളായ ഫെയ്‌സ്ബുക്കിലും വാട്സാപ്പിലുമില്ലാത്ത ഇവര്‍ ഇന്‍സ്റ്റഗ്രാമും ടെലിഗ്രാമുമാണ് ഉപയോഗിക്കുന്നത്. ഐ.എസുമായി ബന്ധമുള്ള ചിലരെ ഇവര്‍ പണം നല്‍കി സഹായിച്ചതായും സംശയിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഐ.എസ്. ബുദ്ധികേന്ദ്രമെന്നുപറയുന്ന മുഹമ്മദ് അമീന്‍ എന്നയാള്‍ക്ക് സാമ്പത്തികസഹായം നല്‍കിയതായും സൂചനയുണ്ട്. ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. മുഹമ്മദ് അമീന് ഷിഫ പണം അയച്ചുകൊടുത്തതായി എന്‍.ഐ.എ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Content Highlights: isis case nia will interrogate two woman from kannur