ആലപ്പുഴ: സൗജന്യ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയ രണ്ട് റേഷന്‍ കടകളുടെ അംഗീകാരം പൊതുവിതരണ വകുപ്പ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.

കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ ഭാരവാഹി നൗഫല്‍ ലൈസന്‍സിയായ ആലപ്പുഴ വെള്ളക്കിണറിന് സമീപമുള്ള എ.ആര്‍.ഡി. 30, ആലപ്പുഴ മുപ്പാലത്തിനുസമീപം ഉപേന്ദ്രന്‍ ലൈസന്‍സിയായ എ.ആര്‍.ഡി. -57 എന്നീ റേഷന്‍ കടകളാണ് സസ്‌പെന്‍ഡുചെയ്തത്.

ഉപേന്ദ്രന്റെ റേഷന്‍ കടയിലാണ് വന്‍ ക്രമക്കേട് നടന്നത്. 14 ക്വിന്റല്‍ അരിയുടെ കുറവുള്ളതായാണ് കണ്ടെത്തല്‍. ഇത് മറിച്ചുകടത്തിയതായാണ് സംശയം. പൊതുവിതരണ വകുപ്പ് ഇത് വിശദമായി അന്വേഷിച്ചുവരികയാണ്.

സി.ഐ.ടി.യു.നേതാവിന്റെ കടയില്‍ പുഞ്ചയരി 197 കിലോ കൂടുതലായി കണ്ടെത്തി.കാര്‍ഡുടമകള്‍ക്ക് തൂക്കത്തില്‍ കുറവ് വരുത്തിയതാണ് ഇതിന് കാരണമെന്ന് പൊതുവിതരണ വകുപ്പ് വ്യക്തമാക്കി. പുഴുക്കലരി 87 കിലോയുടെയും കുറവുണ്ട്. രണ്ടിടത്തുമായി 15 ക്വിന്റല്‍ ഭക്ഷ്യധാന്യത്തിന്റെ കുറവാണ് കണ്ടെത്തിയത്.

തൂക്കത്തില്‍ കുറവ് വരുത്തിയതിന് സി.ഐ.ടി.യു.വനിതാ നേതാവായ റേഷന്‍ ലൈസന്‍സിക്കെതിരേ നേരത്തെ പരാതിയുയര്‍ന്നിരുന്നു. സൗജന്യ റേഷന്‍ വിതരണത്തിലെ ക്രമക്കേട് കണ്ടെത്തുന്നതിനായി വിജിലന്‍സും രംഗത്തെത്തിയിട്ടുണ്ട്.

സത്യവാങ്മൂലം നല്‍കി റേഷന്‍ തട്ടിയവര്‍ കുടുങ്ങും

കാര്‍ഡില്ലാത്തവര്‍ സത്യവാങ്മൂലം നല്‍കി ഒന്നിലധികം റേഷന്‍ കടകളില്‍നിന്ന് സൗജന്യ റേഷന്‍ വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പരിശോധന. തട്ടിപ്പ് വ്യക്തമായാല്‍ കര്‍ശന നടപടിയുണ്ടാകും.

Content Highlights: irregularities in free ration distribution; two ration shop licence suspended in alappuzha