ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മോഷണം പോയ 26 ലാപ്ടോപ്പുകളിൽ 24 എണ്ണം പോലീസ് വീണ്ടെടുത്തു. മോഷ്ടാക്കളിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. സംഘത്തിൽപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. ലാപ്ടോപ്പ് വാങ്ങി വിൽപ്പന നടത്തിക്കൊടുക്കാൻ ഏറ്റവരും കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിന്നവരുമാണ് ഇനി പിടിയിലാകാനുള്ളത്.

കഴിഞ്ഞവർഷം സ്കൂളിൽനിന്ന് രണ്ട് ലാപ്ടോപ്പ് മോഷ്ടിച്ചവർ തന്നെയാണ് ഇത്തവണയും മോഷണം നടത്തിയതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഇരിട്ടി ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാം പറഞ്ഞു. ഇപ്പോൾ ആറളം ഫാം പത്താംബ്ലോക്കിലെ താമസക്കാരായ മാറാട് പാലക്കൽ ഹൗസിൽ ദീപു (31), തലശ്ശേരി ടെമ്പിൾ ഗേറ്റിലെ കുന്നുംപുറത്ത് ഹൗസിൽ മനോജ് (54) എന്നിവരെയാണ് ഇരിട്ടി സി.ഐ. എം.പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പഴയപാലം റോഡിലെ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞവർഷം മോഷണത്തിന് നേതൃത്വം നൽകിയ ദീപുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ ദീപു മാർച്ച് 22-ന് ജയിൽമോചിതനായിരുന്നു. ജയിലിൽവെച്ച് ഇയാൾ സഹ തടവുകാരോട് ലാപ്ടോപ്പ് വിൽക്കാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇത് പിടിവള്ളിയാക്കി നടത്തിയ അന്വേഷണമാണ് എളുപ്പത്തിൽ പ്രതികളിലേക്കെത്താൻ സഹായിച്ചത്.

മനോജിനെയും കൂട്ടി ദീപു മേയ് നാലിന് രാത്രി എട്ടോടെയാണ് സ്കൂളിലെത്തിയത്. സ്കൂളിന്റെ പ്രധാന ഗേറ്റിന്റെ പൂട്ട് തകർത്താണ് അകത്ത് കയറിയത്. വിജനമായ പ്രദേശമായതിനാൽ കാര്യങ്ങൾ എളുപ്പമായി. ഇരിക്കൂറിൽനിന്ന് വിളിച്ച ഗുഡ്സ് ഓട്ടോയിലാണ് ലാപ്ടോപ്പ് കടത്തിക്കൊണ്ടുപോയത്. ചക്കരക്കല്ലിലെ ഒരാളെയാണ് ഇത് വിൽപ്പന നടത്താൻ ഏൽപ്പിച്ചത്. മോഷണത്തിന് പ്രേരിപ്പിച്ചത് ഓട്ടോഡ്രൈവറാണെന്നാണ് നിഗമനം. മോഷ്ടിച്ച ലാപ്ടോപ്പുകളിൽ രണ്ടെണ്ണം മറ്റൊരു വ്യക്തിയുടെ കൈയിലാണുള്ളത്. ഇയാളെയും പോലീസ് തിരിച്ചറിഞ്ഞു.

ദീപുവിന് ജില്ലയ്ക്കകത്തും പുറത്തുമായി 20-ലധികം കേസുകളുണ്ടെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. മനോജിന്റെ പേരിൽ നാലു കേസുകളുമുണ്ട്. പ്രതികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ സി.ഐ.ക്കുപുറമെ എസ്.ഐ.മാരായ അബ്ബാസലി, കെ.ടി.മനോജ്, എ.എസ്.ഐ. റോബിൻസൺ, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് റഷീദ്, ഷൗക്കത്തലി, അബ്ദുൾ നവാസ് എന്നിവരുമുണ്ടായിരുന്നു.