കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ മരിച്ച വാഹനാപകടം സംബന്ധിച്ച കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കൊച്ചി സിറ്റി പോലീസ് ക്രൈംബ്രാഞ്ച് എ.സി.പി. ബിജി ജോർജിന്റെ നേതൃത്വത്തിലാകും അന്വേഷണം.

അപകടം നടന്ന നവംബർ ഒന്നിന് പാലാരിവട്ടം പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, അമിത വേഗമാണ് അപകട കാരണം എന്ന നിഗമനത്തിലായിരുന്നു പോലീസ്. അപകടം സംബന്ധിച്ച് സംശയങ്ങളും ആരോപണങ്ങളും ഉയരാൻ തുടങ്ങിയതോടെ എറണാകുളം എ.സി.പി. വൈ. നിസാമുദ്ദീൻ അന്വേഷണ ചുമതല ഏറ്റെടുത്തു.

അപകടത്തിനിടയായ വാഹനം ഓടിച്ച അബ്ദുൾ റഹ്മാനെ മനഃപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഫോർട്ട്‌കൊച്ചി നമ്പർ-18 ഹോട്ടൽ ഉടമ റോയി വയലാട്ടിനെ അറസ്റ്റ് ചെയ്യാൻ വൈകി. ബുധനാഴ്ചയാണ് അന്വേഷണ സംഘം റോയിയെയും അഞ്ച് ഹോട്ടൽ ജീവനക്കാരെയും അറസ്റ്റ് ചെയ്തത്.

റോയിക്ക് ഹാജരാകാൻ പോലീസ് സമയം നീട്ടി നൽകിയെന്നും ഇത് തെളിവുകൾ നശിപ്പിക്കാൻ അവസരം നൽകിയെന്നും ആരോപണമുയർന്നു. ഇതോടെയാണ് കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നൽകാൻ തീരുമാനിച്ചത്.

കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്തവരിൽനിന്ന്‌ മൊഴിയെടുക്കാൻ തുടങ്ങി. സംഭവ ദിവസം വി.ഐ.പി.കൾ ഹോട്ടലിൽ വന്നതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അഡീഷണൽ കമ്മിഷണർ കെ.പി. ഫിലിപ്പ് പറഞ്ഞു.

ആഡംബര കാർ ഓടിച്ചയാൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ പാലാരിവട്ടം ബൈപ്പാസിൽ കാറപകടത്തിൽ മരിച്ച കേസിൽ അപകടത്തിൽപ്പെട്ട കാറിനെ ആഡംബര കാറിൽ പിന്തുടർന്ന കാക്കനാട് താമസിക്കുന്ന ഷൈജു എം. തങ്കച്ചൻ (41) മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ നിലവിൽ പ്രതിയല്ല. പക്ഷേ താൻ അപകടത്തിനിരയായ കാർ പിന്തുടർന്നുവെന്ന അബ്ദുൾ റഹ്മാന്റെ മൊഴിയെ തുടർന്ന് തന്നെ പ്രതിയാക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വി. ഷെർസി സർക്കാരിന്റെ വിശദീകരണം തേടി.

അപകടത്തിനിരയായ കാറിലെ ഡ്രൈവർ അബ്ദുൾ റഹ്മാനെ ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽവെച്ച് പരിചയപ്പെട്ടിരുന്നു. അയാൾ അമിതമായി മദ്യപിച്ച നിലയിലായിരുന്നു. താൻ വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോഴാണ് മോഡലുകളടക്കമുള്ളവരുമായി അബ്ദുൾ റഹ്മാൻ കാറിൽ അമിത വേഗത്തിൽ മടങ്ങുന്നത് കണ്ടത്.

അമിതമായി മദ്യപിച്ചതിനാൽ അബ്ദുൾ റഹ്മാനോട് കാർ ഓടിക്കരുതെന്ന് പറഞ്ഞു. ഇത് ഗൗനിക്കാതെ അവർ പോയി.

പിന്നാലെ വീട്ടിലേക്ക് മടങ്ങുമ്പോൾ കുണ്ടന്നൂർ ജങ്ഷനിൽ വെച്ച് അപകടത്തിനിരയായ കാർ റോഡ് സൈഡിൽ ഇടിച്ചത് കണ്ടു. കാർ നിർത്തി അബ്ദുൾ റഹ്മാനോട് കാർ ഓടിക്കരുതെന്ന് അപ്പോഴും ആവശ്യപ്പെട്ടു. എന്നാൽ, അയാളോ കൂടെയുണ്ടായിരുന്നവരോ ഇത് വകവെച്ചില്ല.

താൻ കാറുമായി മുന്നോട്ടുപോയി. തൈക്കൂടം മേൽപ്പാലം എത്തിയപ്പോഴേക്കും അപകടത്തിനിരയായ കാർ മുന്നിൽ കയറി.

ചക്കരപ്പറമ്പിൽ ബൈക്ക് അപകടത്തിൽപ്പെട്ടതു കണ്ട് പോലീസിനെ വിവരം അറിയിച്ചു. ഇതിനു ശേഷമാണ് കാർ അപകടത്തിൽപ്പെട്ടത് കണ്ടതും അബ്ദുൾ റഹ്മാൻ ഓടിച്ചിരുന്ന കാറാണെന്ന് മനസ്സിലായതും

ഇതിനുശേഷം മാധ്യമങ്ങളിലൂടെയാണ് താൻ അവരുടെ വാഹനത്തെ പിന്തുടരാൻ ശ്രമിച്ചതായി അബ്ദുൾ റഹ്മാൻ മൊഴി നൽകിയതായി അറിയുന്നത്.

സംഭവത്തെക്കുറിച്ച് വിവരം നൽകിയ ആൾ എന്ന നിലയിൽ പോലീസ് മൊഴിയെടുത്തിരുന്നു. തന്റെ നിരപരാധിത്വം പോലീസിന് ബോധ്യമായതാണ്. എന്നാൽ, മാധ്യമങ്ങളിൽ വലിയ വാർത്തയാ യതിനാൽ പോലീസ് തന്നെയും പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു.