മാവേലിക്കര: നോട്ടിരട്ടിപ്പിച്ചു തരാമെന്ന് വാഗ്ദാനം നൽകി കാസർകോട് സ്വദേശികളെ മാവേലിക്കരയിൽ വരുത്തി ആക്രമിച്ച് 12ലക്ഷം രൂപ തട്ടിയെടുത്ത ആറംഗസംഘത്തെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.
കുറത്തികാട് പള്ളിക്കൽ കിഴക്ക് വാലയ്യത്ത് ഡി.രാധാകൃഷ്ണൻ (62), ചേർത്തല വാരനാട് കുന്നത്ത് പത്മാലയത്തിൽ രത്നാവതി (48), ഭരണിക്കാവ് വടക്ക് ചൂരയ്ക്കാത്തറയിൽ വിനോദ് (39), കോട്ടയം ഇളങ്ങുളം വഞ്ചിമല വേഴാമ്പശ്ശേരിൽ ബെന്നി ചാക്കോ (50), കണ്ണൂർ ഇരിക്കൂർ കല്യാട് സഫൂറ മൻസിലിൽ കെ.പി.ഷഫീഖ് (36), തലശ്ശേരി കുറിച്ചിയിൽ തീർഥപ്പൊയിൽ ഷിഹാബ് (38) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്:
കാസർകോട് ചെർക്കള സ്വദേശികളായ അബ്ദുൾ ജാഫർ, അബ്ദുൾ റഹ്മാൻ തൗഫീർ, സുലൈമാൻ എന്നിവർ നോട്ടിരട്ടിപ്പ് നടത്തി സാമ്പത്തികനേട്ടമുണ്ടാക്കാൻ ഇടനിലക്കാരനായ കണ്ണൂർ സ്വദേശി ഷഫീക്കിനെ ബന്ധപ്പെട്ടു. മാവേലിക്കരയിൽ ഇടപാടുകാരനുണ്ടെന്നും പണം റെഡിയാക്കാനും ഇയാൾ പറഞ്ഞതനുസരിച്ച് മൂവരും ചേർന്ന് 12 ലക്ഷം രൂപ സ്വരൂപിച്ചു. 12 ലക്ഷം കൊടുത്താൽ 25 ലക്ഷം രൂപയുടെ കറൻസി കിട്ടുമെന്നായിരുന്നു വാഗ്ദാനം.
ഷഫീക്കും ഷിഹാബും കൂടി ചേർത്തല സ്വദേശിനി രത്നാവതിയെ ബന്ധപ്പെട്ട് ആവശ്യമറിയിച്ചു. തുടർന്ന് ഇടനിലക്കാർ വഴി രാധാകൃഷ്ണനെ വിളിച്ചപ്പോൾ വെള്ളിയാഴ്ച രാവിലെ മാവേലിക്കര റെയിൽവേ സ്റ്റേഷന് മുന്നിലെത്താൻ നിർദേശം ലഭിച്ചു. ഇതനുസരിച്ച് രാവിലെ ഇടനിലക്കാരും കാസർകോട് നിന്നുള്ള സംഘവും റെയിൽവേ സ്റ്റേഷനിലെത്തി.
രാധാകൃഷ്ണൻ അബ്ദുൽ ജാഫറിനെയും കൂട്ടി ബൈക്കിലും വിനോദിന്റെ കാറിൽ, വന്ന മറ്റ് രണ്ടാളുകൾക്കൊപ്പം രത്നാവതിയും കയറി വാത്തികുളത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തി. അവിടെവച്ച് അബ്ദുൽ ജാഫർ 12 ലക്ഷം രൂപ കാണിച്ചപ്പോൾ പകരം നൽകാൻ പോകുന്നതിന് സാന്പിളായി 1,20,000 രൂപയുടെ കറൻസി കാട്ടി. അത് മെഷീനിൽ എണ്ണി ബോധ്യപ്പെട്ടശേഷം 25 ലക്ഷം രൂപയെടുക്കാനെന്ന വ്യാജേന അബ്ദുൽ ജാഫറിനെ ബൈക്കിൽ കയറ്റി ഉമ്പർനാട് കിഴക്ക് ശാസ്താംനട ക്ഷേത്രത്തിനുസമീപം വണ്ടി നിർത്തി. അബ്ദുൽ ജാഫറിന്റെ കൈയിലിരുന്ന 12 ലക്ഷം രൂപയടങ്ങിയ കവർ തട്ടിപ്പറിച്ചെടുത്ത് രാധാകൃഷ്ണനും സംഘവും കടന്നുകളയുകയായിരുന്നു.
പണം നഷ്ടമായവർ മാവേലിക്കര സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ച മാവേലിക്കര സി.ഐ. പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം പ്രതികളെ വെള്ളിയാഴ്ച രാത്രിയിൽ അറസ്റ്റുചെയ്തു. കടത്തിക്കൊണ്ടുപോയ 12 ലക്ഷം രൂപ രാധാകൃഷ്ണന്റെയും രത്നാവതിയുടെയും വിനോദിന്റെയും പക്കൽനിന്ന് കണ്ടെടുത്തു.
ഒന്നാംപ്രതി രാധാകൃഷ്ണൻ നേരത്തെ കളളനോട്ടുകേസിൽ ശിക്ഷയനുഭവിച്ചിട്ടുള്ളയാളാണ്. പ്രതികൾ എല്ലാവരും അന്തസ്സംസംസ്ഥാനതലത്തിൽ റൈസ് പുള്ളർ, ഇരുതല മൂരി, കരി മഞ്ഞൾ, വൈരക്കല്ല്, ഇറിഡിയം മുതലായ തട്ടിപ്പുകൾ വർഷങ്ങളായി നടത്തിവരുന്നവരാണെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിനിരയാവുന്നവർ പരാതികളുമായി പോകാത്തതിനാൽ പ്രതികൾ പിടിക്കപ്പെടാതിരിക്കുകയായിരുന്നു പതിവ്.
മാവേലിക്കര സി.ഐ.യ്ക്കൊപ്പം എസ്.ഐ. എസ്.പ്രദീപ്, എ.എസ്.ഐ.മാരായ ടി.എസ്.അരുൺകുമാർ, കെ.ബാബുക്കുട്ടൻ, ആർ.ആനന്ദകുമാർ, സീനിയർ സി.പി.ഒ.മാരായ സിനു വർഗീസ്, ജി.രാജീവ്., രേണുക, ശ്രീകല, സി.പി.ഒ. ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content HIghlights: interstate gang arrested for money doubling case by doubling 12 lakh into 25 lakh