കല്പകഞ്ചേരി (മലപ്പുറം): അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന ഏജന്റുമാർ മലപ്പുറത്തും കോഴിക്കോട്ടുമായി പോലീസിന്റെ പിടിയിലായി. യു.എ.ഇ.യിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിന്റെ കേരളത്തിലുള്ള ഏജന്റുമാരായ മീനടത്തൂർ ചെമ്പ്ര സ്വദേശി തോട്ടിയിൽ മുഹമ്മദ് അജ്മൽ (22), മാറഞ്ചേരി പെരുമ്പടപ്പ് സ്വദേശി മുല്ലക്കാട്ട് ഷുക്കൂർ (32), കോഴിക്കോട് എലത്തൂർ സ്വദേശി പടിക്കൽക്കണ്ടി പുതിയനിരത്തിൽ ഒമർ ഹാറൂൺ (24) എന്നിവരാണ് അറസ്റ്റിലായത്. താനൂർ ഡിവൈ.എസ്.പി. എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അജ്മൽ, ഷുക്കൂർ എന്നിവരെ മലപ്പുറം പൊന്മുണ്ടം കഞ്ഞിക്കുളങ്ങരയിൽവെച്ചും ഹാറൂണിനെ കോഴിക്കോട്ടുവെച്ചുമാണ് അറസ്റ്റുചെയ്തത്. ഇവരിൽ നിന്ന് മുപ്പതിനായിരം രൂപ വിലവരുന്ന മൂന്നര ഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തു. യു.എ.ഇ. കേന്ദ്രീകരിച്ച മയക്കുമരുന്ന് സംഘത്തിൽ ചിലി, അഫ്ഗാനിസ്താൻ, ലബനൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ ആളുകളും കണ്ണികളാണ്. ഇവർ അജ്മാൻ, ദുബായ്, കറാമ സിറ്റികളിലാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

വാട്സാപ്പ്, ടെലിഗ്രാം, ഫെയ്സ്ബുക്ക് മെസഞ്ചർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾവഴിയാണ് ഉപഭോക്താക്കളുമായി കച്ചവടം ഉറപ്പിക്കുന്നത്. വിദേശങ്ങളിലെ ആവശ്യക്കാരും കേരളത്തിലെ ഏജന്റുമാരെയാണ് ബന്ധപ്പെടുന്നത്. ഓൺലൈനായി പണം ലഭിച്ചാൽ ഇവിടെനിന്ന് ഗൾഫിലേക്ക് ക്യാരിയർമാർ വശം മയക്കുമരുന്ന് കൊടുത്തയക്കുന്നു.

കഴിഞ്ഞദിവസം എം.ഡി.എം.എ, കഞ്ചാവ് വില്പനക്കാരായ എട്ടുപേരെ അറസ്റ്റുചെയ്തിരുന്നു. ഇവരുടെ മൊബൈൽനമ്പർ, വാട്സാപ്പ് എന്നിവ പരിശോധിച്ചതിൽ നിരവധി ചെറുപ്പക്കാർവഴി കഞ്ചാവ്, ഹാഷിഷ്, എം.ഡി.എം.എ. എന്നിവ വിദേശങ്ങളിലേക്ക് കയറ്റിവിടുന്നുണ്ടെന്ന് മനസ്സിലായി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഈ അന്വേഷണത്തിനിടെ കാടാമ്പുഴവെച്ച് പാലക്കാതൊടി മുഹമ്മദ് റാഫിയിൽനിന്ന് അരക്കിലോ കഞ്ചാവും പിടിച്ചെടുത്തു.

അന്വേഷണസംഘത്തിൽ സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ. സി. വാരിജാക്ഷൻ, താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.കെ. സലേഷ്, വി.പി. പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ വി.സി. ജിനേഷ്, കെ. അഖിൽരാജ്, കെ. വിനീഷ്, ടി. മുസ്തഫ എന്നിവരും ഉണ്ടായിരുന്നു.

Content Highlights:international drug mafia agents arrested in kerala