ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ 55-കാരന്‍ മകളെ ബലാത്സംഗം ചെയ്ത് കൊന്നു. ഇതരജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധം കാരണമാണ് മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. 

ഭോപാലിലെ സമാസ്ഘട്ട് വനമേഖലയില്‍ കഴിഞ്ഞദിവസം യുവതിയുടെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും പ്രതി യുവതിയുടെ അച്ഛനാണെന്നും തെളിഞ്ഞത്. സംഭവത്തില്‍ 55-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

ഒരുവര്‍ഷം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് യുവതി ഇതരജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനുശേഷം യുവതി സ്വന്തം വീട്ടിലേക്ക് വന്നിരുന്നില്ല. മകള്‍ ഇതരജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബം അധിക്ഷേപങ്ങളും പരിഹാസവും നേരിട്ടു. 

ഇക്കഴിഞ്ഞ ദീപാവലി ദിവസം യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മൂത്തസഹോദരിയുടെ വീട്ടിലെത്തി. എന്നാല്‍ ഇവിടെവെച്ച് അസുഖം കാരണം കുഞ്ഞ് മരിച്ചു. ഇക്കാര്യം യുവതി അച്ഛനെ വിളിച്ചറിയിച്ചു. തുടര്‍ന്ന് പ്രതിയായ 55-കാരനും മകനും ചേര്‍ന്ന് രത്തിബാദിലെ മൂത്തമകളുടെ വീട്ടിലെത്തുകയായിരുന്നു. 

കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്താമെന്ന് പറഞ്ഞാണ് കൊല്ലപ്പെട്ട മകളെ പിതാവ് വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് പ്രണയവിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് 55-കാരന്‍ മകളെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അസുഖം കാരണം മരിച്ച കുഞ്ഞിന്റെ മൃതദേഹവും വനത്തില്‍ ഉപേക്ഷിച്ചു. 

കഴിഞ്ഞദിവസമാണ് വനമേഖലയില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വികൃതമാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇവരുടെ ബന്ധുക്കളെ ചോദ്യംചെയ്തതോടെയാണ് പ്രണയവിവാഹത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ പിതാവിനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ പോലീസിനോട് കുറ്റംസമ്മതിക്കുകയായിരുന്നു. 

Content Highlights: inter caste love marriage man raped and killed daughter in madhya pradesh