തിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കലിനെതിരേ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ശുപാര്‍ശ ചെയ്തിരുന്നു. മോണ്‍സന്റെ പ്രവര്‍ത്തനം സംശയകരമാണെന്ന രഹസ്യവിവരം ഇന്റലിജന്റ്സ് വിഭാഗം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അത്. ഇതിനിടയിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മോണ്‍സണ്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. അനില്‍കാന്ത് പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ മോന്‍സണ്‍ പോലീസ് ആസ്ഥാനത്തെത്തി അദ്ദേഹത്തെ കണ്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം മേയ് 22-ന് അന്നത്തെ പോലീസ് മേധാവി ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന ഇന്റലിജന്റ്സ് മേധാവിക്ക് കത്ത് നല്‍കി. വിലപിടിപ്പുള്ള വസ്തുക്കള്‍ നിയമവിരുദ്ധമായി സൂക്ഷിക്കുന്നുവെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാനായിരുന്നു അത്. അന്വേഷണത്തില്‍ മോണ്‍സണ്‍ തട്ടിപ്പുകാരനാണെന്ന വിവരമാണ് ലഭിച്ചത്. സമ്പന്നരുമായും പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും മോന്‍സണ് നല്ല ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചേര്‍ത്തല പള്ളിപ്പുറത്ത് മോണ്‍സണ്‍ 'കോസ്മോസ് ബ്യൂട്ടി ക്ലിനിക്' എന്ന സ്ഥാപനം നടത്തിയിരുന്നു. സിനിമാക്കാരും മറ്റ് പ്രശസ്തരും അവിടെ പതിവ് സന്ദര്‍ശകരായിരുന്നു. മോണ്‍സണ്‍ മിക്കവാറും ഡല്‍ഹിയിലോ അല്ലെങ്കില്‍ വിദേശത്തോ ആയിരുന്നു. ഇയാളുടെ വരുമാനവും സമ്പത്തും സംബന്ധിച്ച വിവരങ്ങളില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

2019 മേയ് മുതല്‍ക്കാണ് മോന്‍സണെതിരേയുള്ള പരാതികളുയര്‍ന്നതെന്നാണ് വിവരം. ഇന്റലിജന്റ്സ് അന്വേഷണം ആവശ്യപ്പെടുന്നതിന് ഏതാനും മാസം മുമ്പ് പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ മോണ്‍സന്റെ വീട് സന്ദര്‍ശിച്ചിരുന്നു. അക്കാലത്ത് മലപ്പുറം എസ്.പിയായിരുന്ന ഉദ്യോഗസ്ഥന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു അത്. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. മനോജ് എബ്രഹാമും ഒപ്പമുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ സന്ദര്‍ശനത്തിന് പിന്നാലെയാണ് മോണ്‍സണ്‍ മാവുങ്കലിനെതിരേയുള്ള രഹസ്യവിവരങ്ങള്‍ ലഭിച്ചതും ഇന്റലിജന്റ്സ് പരിശോധന ആവശ്യപ്പെട്ടതെന്നുമാണ് വിവരം.

content highlights: Intelligence report against Monson Mavunkal