കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയിലെ സ്‌ഫോടനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി. എറണാകുളം ജില്ലയില്‍നിന്ന് അല്‍ ഖായിദ തീവ്രവാദികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പിടികൂടിയതിനു പിന്നാലെയാണ് സംഭവമെന്നതിനാല്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങി.
സ്‌ഫോടനത്തിന്റെ സ്വഭാവത്തേയും സ്‌ഫോടക വസ്തുക്കളെക്കുറിച്ചുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. മരിച്ച രണ്ടുപേരും അതിഥി തൊഴിലാളികളായതിനാല്‍ ഇവരുടെ പശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്. പ്രദേശത്ത് അസ്വാഭാവികമായ രീതിയില്‍ കണ്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ നാട്ടുകാരില്‍നിന്ന് തേടുന്നുണ്ട്. പ്രാഥമികമായ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോഴത്തെ അന്വേഷണം.
സ്‌ഫോടകവസ്തുക്കള്‍ വെടിപ്പുരയില്‍ സൂക്ഷിക്കാതെ മറ്റൊരിടത്ത് സൂക്ഷിച്ചതാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണം. വലിയ അളവിലുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഏതുതരം സ്‌ഫോടകവസ്തുക്കളാണെന്നതിലാണ് രഹസ്യാന്വേഷണ വിഭാഗം തെളിവെടുക്കുന്നത്. വനവുമായി ചേര്‍ന്നു കിടക്കുന്ന ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ പുറമേ നിന്ന് ആരെങ്കിലുമൊക്കെ എത്താറുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
അന്വേഷിക്കാന്‍ പ്രത്യേക സംഘം
മലയാറ്റൂര്‍ ഇല്ലിത്തോടില്‍ നടന്ന സ്‌ഫോടനം അന്വേഷിക്കാന്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘമെന്ന് എറണാകുളം റൂറല്‍ എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു.
സ്‌ഫോടനം നടന്നത് നാലു മണിയോടെയെന്ന അനുമാനത്തിലാണ് പോലീസ് സംഘം. സ്‌ഫോടക വസ്തുക്കള്‍ ഏതെല്ലാമെന്ന് ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധന നടത്തും. പാറമടയ്ക്കുള്ള അനുമതിയുടെ വ്യവസ്ഥകള്‍ പരിശോധിക്കാന്‍ പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോയെന്നും സ്‌ഫോടകവസ്തുക്കള്‍ എത്രത്തോളം സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നു, എത്ര സൂക്ഷിച്ചിരുന്നു എന്നെല്ലാം അന്വേഷണ സംഘം പരിശോധിക്കും.
മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്
മലയാറ്റൂര്‍ ഇല്ലിത്തോട് തിങ്കളാഴ്ച പുലര്‍ച്ചെ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് രണ്ട് അതിഥി തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കും.
തഹസില്‍ദാരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സ്പ്‌ളോസീവ്‌സ് ആക്ട് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ ഡോ. ഹാരിസ് റഷീദ് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.