തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
 
ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി. 
 
സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്കെതിരേ ലൈംഗികചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ്. വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാണെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
സര്‍ക്കാര്‍ സംവിധാനങ്ങളും അധ്യാപകരുമെല്ലാം വിശ്രമമില്ലാതെ കര്‍മ്മനിരതരാകുമ്പോള്‍ അവരെ അപമാനിച്ച് ആത്മനിര്‍വൃതി കൊള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും യുവജനകമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികളില്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നിരവധി ട്രോളുകളും ചിത്രങ്ങളുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ അധ്യാപികമാരുടെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളും നിര്‍മിച്ചിട്ടുണ്ട്. വിക്ടേഴ്‌സ് ചാനലിന്റെ യൂട്യൂബ് ചാനലിലടക്കം വീഡിയോകള്‍ക്ക് താഴെ അപകീര്‍ത്തികരമായ കമന്റുകളും ഉണ്ടായിരുന്നു. ഇതോടെ പല വീഡിയോകളുടെയും കമന്റ് ബോക്‌സ് വിക്ടേഴ്‌സ് ചാനല്‍ ഓഫ് ചെയ്തു. 
 
Content Highlights: insulting social media posts against kite victers channel online class teachers; police booked case