ഫ്ളോറിഡ: മറ്റൊരാളുടെ വിവരങ്ങൾ നൽകി കോവിഡ് വായ്പ സ്വന്തമാക്കിയ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ പിടിയിൽ. യു.എസിലെ ഫ്ളോറിഡ സ്വദേശിയായ ഡാനിയേല മില്ലറിനെ(31)യാണ് അധികൃതർ അറസ്റ്റ് ചെയ്തത്. യുവതിക്കെതിരേ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

മറ്റൊരാളുടെ വിവരങ്ങളും രേഖകളും സ്വന്തമാക്കിയാണ് യു.എസ്. സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷനിൽനിന്ന് മില്ലർ ഒരു ലക്ഷം ഡോളർ വായ്പയെടുത്തതെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് യുവതിക്ക് വായ്പ ലഭിച്ചത്. ഈ പണം ആഡംബര ജീവിതത്തിനാണ് വിനിയോഗിച്ചത്. വായ്പയായി ലഭിച്ച പണംകൊണ്ട് യുവതി ഫ്ളോറിഡയിൽനിന്ന് കാലിഫോർണിയയിലേക്ക് സ്വകാര്യ വിമാനം വാടകയ്ക്കെടുത്ത് യാത്ര ചെയ്തെന്നും ആഡംബര ഹോട്ടലുകളിൽ താമസിച്ചെന്നും അധികൃതർ പറഞ്ഞു.

രജിസ്ട്രി ഓഫ് മോട്ടോർ വെഹിക്കിൾസിന്റെ വെബ്സൈറ്റിൽനിന്നാണ് യുവതി ആളുകളുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയിരുന്നത്. ഒരു ഐ.പി. അഡ്രസിൽനിന്ന് ഇത്തരത്തിൽ 27 പേരുടെ സ്വകാര്യവിവരങ്ങളും രേഖകളും ചോർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളിൽനിന്നായി ഏകദേശം ഒമ്പത് ലക്ഷം രൂപയുടെ വായ്പകൾക്കാണ് മില്ലർ അപേക്ഷ നൽകിയിരുന്നത്. ഇതിൽ പത്ത് അപേക്ഷകൾ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ 34,000-ലേറെ പേർ പിന്തുടരുന്ന ഇൻഫ്ളുവൻസറാണ് ഡാനിയേല മില്ലർ. അടുത്തിടെ ഇവർ ആഡംബര ഹോട്ടലിൽ താമസിച്ചതിന്റെയും ഉല്ലാസയാത്രയുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇതും തെളിവായി സ്വീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ യുവതിക്ക് ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നും അധികൃതർ പറഞ്ഞു.

Content Highlights:instagram influencer claimed covid loan by fraud