ന്യൂഡൽഹി: അയൽക്കാരനെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കാൻ വ്യാജ വധശ്രമം ആസൂത്രണം ചെയ്ത് ഡൽഹി സ്വദേശി. വടക്കൻ ഡൽഹിയിൽ താമസിക്കുന്ന അമർപാൽ എന്നയാളാണ് അയൽക്കാരനെ കേസിൽ കുടുക്കാനായി ബന്ധുക്കൾക്കൊപ്പം ചേർന്ന് വ്യാജ വെടിവെപ്പ് ആസൂത്രണം ചെയ്തത്. അമർപാലിനെ ബന്ധുക്കൾ തന്നെ വെടിവെക്കുകയും ഈ കേസിൽ അയൽക്കാരനായ ഓംബിറിനെ പ്രതിയാക്കുകയുമായിരുന്നു ലക്ഷ്യം. പദ്ധതി നടപ്പായെങ്കിലും സംഭവത്തിന് പിന്നിലെ യാഥാർഥ്യം കണ്ടെത്തിയതോടെ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അമർപാലിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

ദൃശ്യം സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വെടിവെപ്പും വധശ്രമവുമെല്ലാം ആസൂത്രണം ചെയ്തതെന്നാണ് അമർപാലിന്റെ മൊഴി. ഇയാളും അയൽക്കാരനായ ഓംബിറും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം ഇരുകുടുംബങ്ങളും തമ്മിലുണ്ടായ വഴക്കിനിടെ ഓംബിറിന്റെ അമ്മ കൊല്ലപ്പെട്ടു. ഈ കേസിൽ അമർപാലിനെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെയാണ് ഇയാൾ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കൊലക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനായിരുന്നു അമർപാലിന്റെ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് അയൽക്കാരനെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കാൻ തീരുമാനിച്ചത്.

സഹോദരനായ ഗുഡ്ഡു, ബന്ധുവായ അനിൽ എന്നിവരോടൊപ്പം ചേർന്നാണ് അമർപാൽ പദ്ധതി ആസൂത്രണം ചെയ്തത്. ദൃശ്യം എന്ന സിനിമയായിരുന്നു പ്രചോദനം. സിനിമയിലെപോലെ സാക്ഷികളെയും അതിന് അനുകൂലമാകുന്ന രംഗങ്ങളും സൃഷ്ടിച്ചെടുക്കുകയായിരുന്നു ആദ്യഘട്ടം. ഇതിനായി ഓംബിറിന്റെ കുടുംബത്തിൽനിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന പ്രചരണം നടത്തി. നേരിട്ടു കാണുന്ന ഓരോരുത്തരുമായും ഇയാൾ ഇക്കാര്യം സംസാരിച്ചു. അങ്ങനെ ഏകദേശം എല്ലാവരും അമർപാലിന്റെ കഥ വിശ്വസിച്ചു.

ഇതിനു ശേഷം അമർപാൽ തന്നെയാണ് അത്രയേറേ അപകടകരമല്ലാത്ത നാടൻത്തോക്കും സംഘടിപ്പിച്ചത്. അനിലിന്റെ ഭാര്യസഹോദരനായ മനീഷും പദ്ധതിയുടെ ഭാഗമായി. തിരക്കേറിയ സ്ഥലത്തുവെച്ച് അനിൽ അമർപാലിനെ വെടിവെയ്ക്കുകയും വെടിയേറ്റ ശേഷം ഓംബിറിനെതിരേ മൊഴി നൽകി അയാളെ കേസിൽ കുടുക്കാനുമായിരുന്നു സംഘത്തിന്റെ തീരുമാനം. ഓംബിറിന് അമർപാലിനോട് ശത്രുതയുണ്ടെന്ന കാര്യം നാട്ടുകാർക്കറിയുന്നതിനാൽ തങ്ങൾക്ക് അനുകൂലമായ സാക്ഷിമൊഴികൾ ലഭിക്കുമെന്നും സംഘം കരുതി.

അമർപാൽ പതിവായി സന്ദർശനം നടത്തുന്ന വടക്കൻ ഡൽഹിയിലെ ഖൈബർ പാസ് ആണ് ആക്രമണം നടത്താൻ സംഘം തിരഞ്ഞെടുത്ത സ്ഥലം. ഇവിടെയുള്ളവർക്കെല്ലാം അമർപാൽ സുപരിചിതനായിരുന്നു. മാത്രമല്ല, ഓംബിറിന് തന്നോട് ശത്രുതയുണ്ടെന്ന കഥ ഇവരോടെല്ലാം അമർപാൽ പല തവണ വിവരിച്ചിട്ടുമുണ്ട്. അതിനാൽ സാക്ഷികളായിട്ടുള്ളവർ തങ്ങൾക്ക് അനുകൂലമായി മൊഴി നൽകുമെന്നായിരുന്നു സംഘത്തിന്റെ പ്രതീക്ഷ.

പദ്ധതിയനുസരിച്ച് അമർപാൽ ഖൈബർ പാസിലെത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് വെടിവെപ്പ് നടന്നത്. സാഹചര്യം അനുകൂലമാണെന്ന് തിരിച്ചറിഞ്ഞതോടെ അമർപാൽ ഗുഡ്ഡുവിനെ വിളിക്കുകയായിരുന്നു. തുടർന്ന് ഗുഡ്ഡുവും അനിലും മനീഷും സ്ഥലത്തെത്തി. അനിൽ അമർപാലിന് നേരേ വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ടു. വെടികൊണ്ട് പരിക്കേറ്റ അമർപാൽ തന്റെ സുഹൃത്തിന്റെ അടുത്തേക്കാണ് ഓടിക്കയറിയത്. ശത്രുക്കൾ തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് ഇയാൾ വിളിച്ചുപറയുകയും ചെയ്തു.

സ്വാഭാവികമായും ഓംബിർ തന്നെയാകും ആക്രമണത്തിന് പിന്നിലെന്ന് എല്ലാവരും കരുതി. എന്നാൽ, സംഭവത്തിൽ സംശയം തോന്നിയ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിയതോടെയാണ് വ്യാജ വധശ്രമമാണ് നടന്നതെന്ന് കണ്ടെത്തിയത്. ഇതിനിടെ, വെടിയുതിർത്ത അനിലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അമർപാലിനെയും അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ദൃശ്യം സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെയൊരു ആക്രമണം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായത്. കേസിൽ ഉൾപ്പെട്ട ഗുഡ്ഡു, മനീഷ് എന്നിവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights:influenced by drishyam movie man hatches conspiracy to implicate neighbor in false case