ദുബായ്:  ഇന്ത്യന്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ദുബായിലെ കോടതിയില്‍ വിചാരണ തുടങ്ങി. ഇന്ത്യക്കാരനായ 27 വയസ്സുകാരനാണ് കേസിലെ പ്രതി. കാമുകിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് മുക്കാല്‍ മണിക്കൂറോളം കാറില്‍ മൃതദേഹവുമായി സഞ്ചരിച്ച ശേഷമാണ് പോലീസില്‍ കീഴടങ്ങിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂലായിലായിരുന്നു സംഭവം. 

ഇന്ത്യക്കാരായ യുവാവും യുവതിയും തമ്മില്‍ അഞ്ചുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് യുവതി മറ്റൊരാളുമായി സ്ഥിരമായി സംസാരിക്കുന്നത് യുവാവ് തിരിച്ചറിഞ്ഞു. തന്നെ വഞ്ചിച്ചെന്ന് തോന്നിയതോടെയാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. 

കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം സൂചിപ്പിച്ച് 27 കാരന്‍ യുവതിയുടെ കുടുംബത്തിന് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. പ്രശ്‌നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ യുവതിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതിനുപിന്നാലെയാണ് കൃത്യം നടത്തിയത്. 

സംഭവദിവസം രാത്രി ദെയ്‌റയിലെ ഒരിടത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നതും രാത്രി 9.37 ഓടെ യുവതി കാറില്‍ കയറുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീട് 11.30 ഓടെയാണ് കാര്‍ അവിടെനിന്നും പോയത്. കാര്‍ പാര്‍ക്ക് ചെയ്ത് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനിടെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പിച്ച ശേഷം യുവതിയെ മുന്‍സീറ്റില്‍ ഇരുത്തി പ്രതി കാറുമായി റോഡിലേക്കിറങ്ങി. 

ഏകദേശം 45 മിനിറ്റോളം യുവതിയുടെ മൃതദേഹവുമായി കാറില്‍ സഞ്ചരിച്ചു. ഒരു റെസ്‌റ്റോറന്റില്‍നിന്ന് ഭക്ഷണവും വെള്ളവും വാങ്ങി കഴിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് യുവാവ് ദെയ്‌റയിലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ചോരപുരണ്ട വസ്ത്രമണിഞ്ഞ് സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ട് അമ്പരന്ന് പോയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയിലെ വിചാരണവേളയില്‍ പറഞ്ഞത്. കാറിന്റെ പിന്‍സീറ്റില്‍നിന്ന് വലിയ കത്തി കണ്ടെടുത്തെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

സംഭവത്തില്‍ ആസൂത്രിതമായ കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ യുവാവിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണ പൂര്‍ത്തിയാവുന്നത് വരെ പ്രതി കസ്റ്റഡിയില്‍ തുടരും. 

Content Highlights: indian youth killed indian woman in dubai, facing trial in dubai court