ന്യൂയോർക്ക്: മാതൃദിനത്തിന്റെ തലേദിവസം സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകൻ. യുഎസിലെ ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ 28-കാരനാണ് 65 വയസ്സുള്ള അമ്മയെ കൊലപ്പെടുത്തിയത്. ഇയാൾക്കെതിരേ കൊലക്കുറ്റത്തിനും ലൈംഗികാതിക്രമത്തിനും കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് യുവാവ് അമ്മയെ ആക്രമിച്ചത്. അമ്മയെ പിന്നിൽനിന്ന് ആക്രമിച്ച ശേഷം ശ്വാസംമുട്ടിക്കുകയായിരുന്നു. പിന്നാലെ മർദിക്കുകയും ചെയ്തു. മർദിച്ചവശയാക്കിയ അമ്മയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു. ബോധരഹിതയായ 65-കാരി പിന്നീട് സംഭവസ്ഥലത്തുവെച്ച് മരിച്ചു.

കൃത്യം നടത്തിയ ശേഷം പണമടങ്ങിയ പേഴ്സും തന്റെ താക്കോലുകളുമായി ഇയാൾ പുറത്തേക്ക് പോയി. ചോരയിൽ കുളിച്ച വസ്ത്രം ധരിച്ച് സമീപപ്രദേശത്ത് എത്തിയ യുവാവ് തുടർന്ന് കുറ്റം ഏറ്റുപറയുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ സഹോദരിയാണ് വീട്ടിലെ ബേസ്മെന്റിൽ അമ്മ ബോധരഹിതയായി കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

അതേസമയം, പ്രതിയായ 28-കാരന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായി അയൽക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. ' വളരെ സൗഹൃദത്തോടെ പെരുമാറിയിരുന്ന കുടുംബമായിരുന്നു അവരുടേത്. ആ മകൻ ഇങ്ങനെ ചെയ്തെന്ന് കേട്ട് ഞാൻ ശരിക്കും ഞെട്ടി. അദ്ദേഹത്തിന് ചില മാനസികപ്രശ്നങ്ങളുണ്ടായിരുന്നു. നേരത്തെയും അയാൾ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അന്ന് പോലീസിനെ വിളിച്ചപ്പോൾ യുവാവ് മരുന്ന് നിർത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞിരുന്നു. ഇത്തവണയും അത് തന്നെയാകാം സംഭവിച്ചത്''- അയൽക്കാരനായ കെവിൻ വിശദീകരിച്ചു. മാതൃദിനം അങ്ങേയറ്റം ദാരുണമായെന്നും ക്വീൻസിലെ ജനങ്ങൾക്ക് ഇതൊരു പേടിസ്വപ്നമായി മാറിയെന്നുമായിരുന്നു ക്വീൻസ് അറ്റോർണി മെലിൻഡ കാറ്റസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

അതേസമയം, ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരേ കൊലപാതകം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതിയെ ഇനി മെയ് 24-ന് വീണ്ടും കോടതിയിൽ ഹാജരാക്കും.

Content Highlights:indian origin man killed mother in newyork usa