വാഷിങ്ടൺ: യു.എസിൽ 17 മില്യൺ ഡോളറിന്റെ വായ്പ തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് ഇന്ത്യക്കാരനായ പ്രതി. ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ലോട്ടസ് എക്സിം ഇന്റർനാഷണൽ കമ്പനിയുടെ പ്രസിഡന്റും സഹ ഉടമയുമായ രാജേന്ദ്ര കങ്കാറിയ(61)യാണ് യു.എസിലെ കോടതിയിൽ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ വർഷം കേസിൽ അറസ്റ്റിലായ രാജേന്ദ്ര കങ്കാറിയയെ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്.

2016 മാർച്ച് മുതൽ 2018 മാർച്ച് വരെ കൃത്രിമമായ മാർഗങ്ങളിലൂടെ ലൈൻ ഓഫ് ക്രെഡിറ്റ് സൗകര്യത്തിലൂടെ 17 മില്യൺ ഡോളറാണ് രാജേന്ദ്ര കങ്കാറിയയും മറ്റു ജീവനക്കാരും ചേർന്ന് തട്ടിയെടുത്തത്. അക്കൗണ്ടുകളിൽ കൃത്രിമം കാണിച്ചായിരുന്നു ലൈൻ ഓഫ് ക്രെഡിറ്റ് മാർഗത്തിലൂടെ വായ്പ നേടിയത്. ബാങ്കിനെയും ഓഡിറ്റർമാരെയും കബളിപ്പിക്കാൻ ഇവർ കമ്പനിയുടെ ഉപഭോക്താക്കളുടെ പേരിൽ വ്യാജ ഇ-മെയിലുകളും നിർമിച്ചിരുന്നു.

കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കങ്കാറിയയ്ക്ക് പരാമവധി 30 വർഷം തടവും ഒരു മില്യൺ ഡോളർ പിഴയും ലഭിച്ചേക്കും. 2021 ജനുവരി 18-ന് കേസിൽ ശിക്ഷ വിധിക്കും.

Content Highlights:indian american pleads guilty in 17 million dollar bank fraud in usa