ബെംഗളൂരു: കന്നഡ സിനിമാ സൂപ്പര്‍ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. താരങ്ങളായ പുനീത് രാജ്കുമാര്‍, ശിവരാജ് കുമാര്‍, യഷ്, സുദീപ്, പ്രമുഖ നിര്‍മാതാക്കളായ റോക്ക്ലൈന്‍ വെങ്കടേഷ്, സി.ആര്‍. മനോഹര്‍, വിജയ് കിരന്‍ഗന്തൂര്‍ എന്നിവരുടെ വീടുകളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് തുടങ്ങിയ പരിശോധന വൈകുന്നേരം വരെ തുടര്‍ന്നു.

നഗരത്തില്‍ 25 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നടന്‍മാരുടെ ബന്ധുക്കളുടെ വീട്ടിലും പരിശോധന നടന്നു. റെയ്ഡ് സംബന്ധിച്ച് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. നൂറോളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, സഹോദരന്‍ പുനീത് രാജ് കുമാര്‍ എന്നിവരുടെ വീടുകളില്‍ ആദ്യമായാണ് ആദായനികുതി വകുപ്പ് പരിശോധന നടക്കുന്നത്.

ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം സിനിമാ നിര്‍മാതാവാണ് റോക്ക് ലൈന്‍ വെങ്കിടേഷ്. ഇതുവരെ 25- ഓളം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. നികുതിവെട്ടിപ്പ് നടത്തുന്നതായ പരാതിയിലാണ് പരിശോധന. ബിഗ് ബജറ്റ് ചിത്രമായ 'കെ. ജി. എഫ്'. സിനിമയിലെ നായകനാണ് യാഷ്. ഇതിന്റെ നിര്‍മാതാവിന്റെ വീട്ടിലും പരിശോധനയുണ്ടായി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ കെ.ജി. എഫ്. ഇതിനകം 154 കോടി രൂപ നേടിയെന്നാണ് കണക്ക്. വിജയ് കിരന്‍ഗന്തൂരാണ് ചിത്രം നിര്‍മിച്ചത്.

ബിഗ് ബജറ്റ് ചിത്രങ്ങളുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നതെന്നും പരിശോധനയുമായി സഹകരിച്ചതായും നടന്‍ സുദീപ് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'വില്ലന്‍' എന്ന ചിത്രത്തില്‍ സുദീപും ശിവരാജ് കുമാറുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. സിനിമാനിര്‍മാണ മേഖലയില്‍ കള്ളപ്പണം വിനിയോഗിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. നഗരത്തിലെ ചില ഹോട്ടല്‍ ശൃംഖലയിലും റെയ്ഡുണ്ടായി.

Content Highlight: Income tax raids on Kannada film producers, actors