മുക്കം(കോഴിക്കോട്): എം.എല്‍.എ.യാണെന്ന് പറഞ്ഞ് മലപ്പുറം കുടുംബശ്രീ ഓഫീസിലേക്ക് ഫോണ്‍ചെയ്ത് ജോലിക്ക് ശുപാര്‍ശചെയ്ത എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസെടുത്തു. തിരുവമ്പാടി എം.എല്‍.എ. ലിന്റോ ജോസഫാണെന്ന് പറഞ്ഞാണ് രണ്ടുതവണ ഫോണ്‍ ചെയ്തത്.

ഇക്കഴിഞ്ഞ നാലാം തീയതിയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഒരു നമ്പറില്‍നിന്ന് തിരുവമ്പാടി എം.എല്‍.എ.യുടെ ഓഫീസില്‍നിന്നാണന്നും പട്ടികവര്‍ഗ ആനിമേറ്റര്‍ (എസ്.ടി. ആനിമേറ്റര്‍) വിഭാഗത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ആദ്യം ഫോണ്‍ വിളിച്ചത്. തുടര്‍ന്ന് ഏഴാം തീയതി താന്‍ ലിന്റോ ജോസഫ് എം.എല്‍.എ.യാണെന്ന് പറഞ്ഞു വീണ്ടും വിളിച്ചതോടെ സംശയം തോന്നിയ കുടുംബശ്രീ ഓഫീസ് ജീവനക്കാര്‍ ട്രൂകോളറില്‍ നമ്പറിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും എം.എല്‍.എ.യെ വിവരമറിയിക്കുകയും ചെയ്തു. 

എം.എല്‍.എ.യുടെ പരാതിയില്‍ കൂമ്പാറ സ്വദേശി ജോര്‍ജി (69) നെതിരേ തിരുവമ്പാടി പോലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. അതേസമയം തന്റെ ഫോണ്‍ മൂന്നാം തീയതി നഷ്ടപ്പെട്ടുപോയിരുന്നതായി ജോര്‍ജ് പറയുന്നു. നേരത്തേ സി.പി.എം. പ്രവര്‍ത്തകനായിരുന്ന ജോര്‍ജ് എസ്.ഡി.പി.ഐ. ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി മണ്ഡലം പ്രസിഡന്റുമാണ്.