ഭോപ്പാല്‍: വനിതാ ഡോക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ പ്രവര്‍ത്തിച്ചിരുന്ന യൂനാനി ക്ലിനിക്കില്‍നിന്നാണ് നാലുസ്ത്രീകളടക്കം പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടറായ ഗായത്രി സിങ്ങാണ്(52) കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് പറഞ്ഞു. 

അതേസമയം, യൂനാനി ബിരുദവും ഡോക്ടറുമാണെന്ന് അവകാശപ്പെടുന്ന ഗായത്രി സിങ്ങ് അംഗീകൃത രജിസ്‌ട്രേഷന്‍ നേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ലിനിക്കിന്റെ മറവില്‍ അനാശാസ്യം നടന്നിരുന്നതായും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

നഗരത്തിലെ തിരക്കേറിയ സ്ഥലത്തായിരുന്നു ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്. ക്ലിനിക്കിന്റെ ഉടമയായ ഗായത്രി സിങ്ങും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടം കേന്ദ്രീകരിച്ച് അനാശാസ്യം നടന്നിട്ടും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അടുത്തിടെ സിറ്റി പോലീസിന് ലഭിച്ച ഒരു രഹസ്യവിവരത്തെ തുടര്‍ന്നാണ് ക്ലിനിക്കിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. 

വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ മഫ്തിയില്‍ ജോലി തേടി ഗായത്രിയെ സമീപിച്ചാണ് പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഗായത്രിയുമായി ക്ലിനിക്കിന്റെ അകത്തളങ്ങളിലേക്ക് പ്രവേശിച്ച വനിതാ കോണ്‍സ്റ്റബിള്‍ യുവതികളെയും ഇടപാടുകാരെയും കണ്ടതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി. തുടര്‍ന്ന് പോലീസ് സംഘം ക്ലിനിക്കില്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 

റെയ്ഡ് നടക്കുന്ന സമയത്തുപോലും നിരവധി ഇടപാടുകാരാണ് ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചതെന്ന് പോലീസ് പറഞ്ഞു. റെയ്ഡ് നടക്കുന്നതറിയാതെ ക്ലിനിക്കിന്റെ വാതിലില്‍ മുട്ടിയവരും നിരവധി. പിടിയിലായ ഗായത്രിയുടെ ഭര്‍ത്താവും ഡോക്ടറായിരുന്നുവെന്നും 2000-ല്‍ അദ്ദേഹം മരണപ്പെട്ടതോടെയാണ് ഗായത്രി ക്ലിനിക്കിന്റെ നടത്തിപ്പ് ഏറ്റെടുത്തതെന്നും പോലീസ് അറിയിച്ചു. 

Content Highlights: immoral traffic in a clinic; woman doctor and ten others arrested from bhopal