ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന സംഘത്തെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ (36), തിരുപ്പൂർ സ്വദേശി ഗൗതം (27) എന്നിവർ അറസ്റ്റിലായി. ഇവരിൽനിന്ന് ഒരേസമയം 960 സിമ്മുകൾ ഉപയോഗിക്കാൻ സാധിക്കുന്ന 30 സിംബോക്സുകളും മറ്റുപകരണങ്ങളും പിടിച്ചെടുത്തു.

നിയമവിരുദ്ധമായ ഈസംവിധാനം സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുന്നതാണെന്ന് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. വിദേശത്തുനിന്ന് വരുന്ന ടെലിഫോൺ കോളുകൾ ടെലികോംവകുപ്പ് അറിയാതെ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് സമാന്തര എക്സ്ചേഞ്ചുകളുടെ രീതി.

കോളുകൾ ലോക്കൽ നമ്പറിൽനിന്ന് ലഭിക്കുന്ന തരത്തിലേക്ക് ഇവർ മാറ്റും. ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലൂടെ ഓരോ അന്താരാഷ്ട്ര കോളിനും സർക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികൾക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും.