ബെംഗളൂരു: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന രണ്ട് മലയാളികളുൾപ്പെടെ അഞ്ചംഗ സംഘത്തെക്കൂടി ബെംഗളൂരു പോലീസിന്റെ തീവ്രവാദ വിരുദ്ധസെൽ പിടികൂടി. ഒരേസമയം 3,000 സിമ്മുകൾ ഇടാവുന്ന 109 സിം ബോക്സുകൾ ഇവരിൽനിന്ന് പിടിച്ചെടുത്തു. മിലിറ്ററി ഇന്റലിജൻസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ബഷീർ (51), അനീസ് അത്തിമണ്ണീൽ (30), തൂത്തുക്കുടി സ്വദേശികളായ ശാന്തൻ കുമാർ (29), സുരേഷ് തങ്കവേലു (32), ജയ് ഗണേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിലും തിരുപ്പൂർ സ്വദേശി ഗൗതവും കഴിഞ്ഞ ആഴ്ച പിടിയിലായിരുന്നു. ഇവരുടെ സംഘത്തിൽപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായ അഞ്ചുപേരെന്ന് പോലീസ് പറഞ്ഞു. കേസിൽ ഭട്കൽ സ്വദേശിയായ നിസാറും പിടിയിലായിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളാണ് ഇവർ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

വിദേശത്തുനിന്ന് വരുന്ന ടെലിഫോൺ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കൾക്ക് എത്തിക്കുകയായിരുന്നു ഇവർ. ഇതിലൂടെ ഓരോ അന്താരാഷ്ട്ര കോളിനും സർക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികൾക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും. വിദേശത്തുനിന്ന് വരുന്ന കോളുകൾ ഇന്റർനെറ്റിന്റെ സഹായത്തോടെ ലോക്കൽ നമ്പരിൽനിന്ന് ലഭിക്കുന്ന തരത്തിലേക്കാണ് ഇവർ മാറ്റിയിരുന്നത്. സൈന്യത്തിന്റെ ഫോണുകളും പ്രതികൾ നിരീക്ഷിച്ചിരുന്നതായാണ് വിവരം. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.